ന്യൂഡൽഹി: ജസ്റ്റിസ് പ്രസന്ന ബി. വരാലെ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി കൊളീജിയം ശിപാർശചെയ്തത്. ജസ്റ്റിസ് പ്രസന്ന ചുമതലയേറ്റതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം ഉയർന്ന പരിധിയായ 34ലെത്തി.
നിലവിലെ ജഡ്ജിമാരിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള മൂന്നാമത്തെയാളാണ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ. ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരാണ് മറ്റ് രണ്ടുപേർ. പരമോന്നത കോടതിയിൽ ഒരേ സമയം ഏറ്റവും കൂടുതൽ ദലിത് ജഡ്ജിമാർ ഇതോടെയായി.
സത്യപ്രതിജ്ഞ ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് ജസ്റ്റിസ് പ്രസന്ന ബി. വരാലെക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടക ഹൈകോടി ചീഫ് ജസ്റ്റിസാകുന്നതിന് മുമ്പ് ബോംബെ ഹൈകോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് വരാലെ. 61കാരനായ ജസ്റ്റിസ് വരാലെ കർണാടക സ്വദേശിയാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ഡോ. ബാബാസാഹെബ് അംബേദ്കർ മറാത്ത്വാഡ സർവകലാശാലയിൽനിന്നാണ് ബിരുദം നേടിയത്.
സുപ്രീംകോടതി കൊളീജിയം കഴിഞ്ഞ 19നാണ് ജസ്റ്റിസ് പ്രസന്ന ബി. വരാലെയെ ജഡ്ജിയാക്കാൻ കേന്ദ്രത്തിന് ശിപാർശ നൽകിയത്. ഇതിന് ഒരാഴ്ചക്കുള്ളിൽ തന്നെയാണ് ജഡ്ജിയായി നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.