ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കൊളീജിയം ശിപാർശകളിൽ ‘നടപ്പാക്കേണ്ടവയിൽ മിക്കതും ചെയ്തെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിൽ കോടതിക്ക് ആശങ്കയുണ്ടെന്നും ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കൊളീജിയം ശിപാർശ നടപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ അലംഭാവം കാണിക്കുന്നുവെന്നുള്ളതടക്കം രണ്ടു ഹരജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അറ്റോണി ജനറൽ ഹാജരാകാത്തതിനാൽ ഹരജികൾ മാർച്ച് രണ്ടിലേക്കു മാറ്റി. ‘‘തങ്ങൾ പ്രതീക്ഷിച്ചതിൽ മിക്കതും ചെയ്തുവെന്ന് ദയവായി ഉറപ്പാക്കുക. ഇത് അറ്റോണി ജനറലിനെ ധരിപ്പിക്കുക’’ -ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് അരവിന്ദ്കുമാർ എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്, സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ ചില നിയമനങ്ങൾ മാത്രം വിജ്ഞാപനം ചെയ്തപ്പോൾ ചിലത് വെച്ചുതാമസിപ്പിക്കുകയാണെന്ന്, ഹരജികളിലൊന്നിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ഇതേകാര്യം തന്നെയാണ് തങ്ങൾ ചൂണ്ടിക്കാട്ടിയതെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചെന്നും ജസ്റ്റിസ് കൗൾ ഭൂഷണ് മറുപടിയായി പറഞ്ഞു. ഉത്തരവിടാനുള്ള അധികാരം കോടതി വിനിയോഗിക്കണമെന്നും അല്ലെങ്കിൽ ഇത് അനന്തമായി നീളുമെന്നും ഭൂഷൺ കൂട്ടിച്ചേർത്തു. ചില നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോൾ, രണ്ടാഴ്ചക്കുശേഷം വിഷയം പരിഗണിക്കാമെന്നും കൗൾ വ്യക്തമാക്കി.
നാലു വിഭാഗമായി വിശദാംശങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഹൈകോടതി ചീഫ് ജസ്റ്റിസ് നിയമനവുമായി ബന്ധപ്പെട്ടതാണ് ആദ്യത്തേതെന്നും രണ്ടാം ഹരജിയിൽ ഹാജരായ അഡ്വ. അരവിന്ദ് ദത്താർ വിശദീകരിച്ചു. ചില നിയമനങ്ങൾ നടത്തിയപ്പോൾ ചിലത് വൈകിപ്പിക്കുകയാണെന്ന് ദത്താർ കൂട്ടിച്ചേർത്തു. അകാരണമായ വൈകലിന് ന്യായീകരണമില്ലെന്ന് പറഞ്ഞ ബെഞ്ച് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറുകളുടെ അനുവാദം ലഭിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.