പാഴ്സി വിവാഹ മോചന നിയമം പരിഷ്ക്കരിക്കാനൊരുങ്ങി സുപ്രീംകോടതി

ന്യൂഡൽഹി: മുത്തലാഖിന് പിറകെ പാഴ്സി വിവാഹ മോചന നിയമങ്ങളും പരിഷ്ക്കരിക്കാൻ സുപ്രീംകോടതി ഒരുങ്ങുന്നു. പാഴ്സി വിവാഹ മോചനക്കേസിൽ നിർണായകമായ ജൂറി ട്രയൽ സമ്പ്രദായത്തിന്‍റെ സാധുതയാണ് സുപ്രീംകോടതി പരിശോധിക്കാനൊരുങ്ങുന്നത്. 

1959ലെ നാനാവതി കൊലക്കേസിന് ശേഷം ജുറി ട്രയൽ സമ്പ്രദായം ഇന്ത്യ നിരോധിച്ചിരുന്നു. എന്നാൽ പാഴ്സി വിവാഹ മോചനക്കേസുകൾ  ഇപ്പോഴും വിചാരണ ചെയ്യപ്പെടുന്നത് ഈ സമ്പ്രദായമനുസരിച്ചാണ്. 

1936ലെ നിയമമനുസരിച്ച് അഞ്ച് അംഗങ്ങൾ അടങ്ങിയ ജൂറിയാണ് പാഴ്സി വിവാഹ സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നത്. പാഴ്സി വ്യക്തിനിയമം മാത്രമാണ് ഇപ്പോഴും ഇന്ത്യയിൽ ഇത്തരത്തിലുള്ള ജൂറി സമ്പ്രദായം പിന്തുടരുന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ട് ഒരു പാഴ്സി വനിത സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. 

പാഴ്സി സമുദായത്തിലെ സ്വാധീനമുള്ള റിട്ടയർ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് ബോംബെ ഹൈകോടതിയിൽ വിവാഹമോചനം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നത്. പാഴ്സി മാട്രിമോണിയൽ ആക്ട് 1936 പ്രകാരം ബോംബെ പാഴ്സി പഞ്ചായത്ത് ആണ് ഇതിലേക്കുള്ള അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത്. പത്തു വർഷമാണ് ഓരോ അംഗത്തിന്‍റെയും കാലാവധി.

വെള്ളിയാഴ്ചയാണ് ഈ സമ്പ്രദായം ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. നിയമം വിവേചനപരമാണെന്നാണ് യുവതിയുടെ വാദം. 

നിയമം 80 വർഷങ്ങളായി പ്രാക്ടീസ് ചെയ്തുവരികയാണെന്നും ഇക്കാര്യം ഇതുവരെ  ആരും കോടതിയിൽ ചോദ്യം ചെയ്തിട്ടില്ലെന്നും കേസ് പരിഗണനക്കെടുത്ത ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ ബെഞ്ച് നിരീക്ഷിച്ചു. വിവേചനപരമെന്നും ഭരണഘടനാ വിരുദ്ധമെന്നും കണ്ടെത്തി 1800 വർഷം പഴക്കമുള്ള മുത്തലാഖിന് അയോഗ്യത കൽപ്പിച്ചതും ഇതേ ബെഞ്ചാണെന്ന് യുവതിക്ക് വേണ്ടി ഹാജരായ നവോമി സാം ഇസ്രാനി വാദിച്ചു. 

പരാതി പരിഗണിക്കാമെന്നും ഇതിനായി നിയമ വിദഗ്ധന്‍റെ സഹായം തേടാമെന്നും കോടതി നിർദേശിച്ചു. കേസ് അടുത്താഴ്ച കോടതി വീണ്ടും പരിഗണിക്കും.

Tags:    
News Summary - Supreme Court to Examine Validity of Parsi Divorce Law as PIL Questions Jury Trial-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.