ദേശീയ ജാതി സെൻസസ് തടയണമെന്ന ഹരജി സുപ്രീം കോടതി തളളി; ഹരജിക്കാരനെതിരെ രൂക്ഷവിമർശനം

ന്യൂഡൽഹി: വരാനിരിക്കുന്ന ദേശീയ ജാതി സെൻസസ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട  പൊതുതാൽപര്യ ഹരജി തളളി സുപ്രീം കോടതി. ഹരജിയിൽ ഉപയോഗിച്ച മോശമായ ഭാഷയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി,വിപുൽ എം.പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്.

ഹരജിയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ അങ്ങേയറ്റം അശ്ലീലവും മര്യാദയില്ലാത്തതുമാണെന്ന് കോടതി നിരീക്ഷിച്ചു. ഹരജി തയ്യാറാക്കിയ രീതി കണ്ട് ക്ഷുഭിതനായ ചീഫ് ജസ്റ്റിസ്,  'ഇത്തരത്തിലുള്ള മോശം ഭാഷ എവിടെ നിന്നാണ് പഠിച്ചത് ?, ആരാണ് ഈ ഹരജി തയാറാക്കി നൽകിയത്'? എന്നും ഹരജിക്കാരനോട് നേരിട്ട് ചോദിച്ചു. കോടതിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ ഹരജിയിൽ ഉൾപ്പെടുത്തിയതിനെ ബെഞ്ച് ചോദ്യം ചെയ്തു.

ജാതി സെൻസസ് തടയുക എന്നതിനോടൊപ്പം ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകണമെന്നും അതിനായി നയങ്ങൾ രൂപികരിക്കാൻ  കേന്ദ്രത്തിന് നിർദേശം നൽകണമെന്ന മറ്റൊരു ആവശ്യവും ഹരജിക്കാരൻ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഈ രണ്ട് ആവശ്യങ്ങളും കോടതി നിരാകരിച്ചു. ഹരജിയിലെ ഭാഷാപരമായ പിഴവുകൾ കാരണം വിഷയത്തിന്റെ മെറിറ്റിലേക്ക് കടക്കാൻ പോലും കോടതി തയ്യാറായില്ല.

2027 നടത്താനിരിക്കുന്ന പൊതു സെൻസസിൽ പൗരമാരുടെ ജാതി വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും തരംതിരിക്കുന്നതിനും പരിശോധിക്കുന്നതിനും സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ ചോദ്യം ചെയ്യുന്ന പ്രത്യേക പൊതുതാൽപര്യ ഹരജി ഫെബ്രുവരി 2 ന് സുപ്രീം കോടതി നേരത്തെ നിരസിച്ചിരുന്നു. 16-ാമത് ദേശീയ സെൻസസിൽ സമഗ്രമായ ജാതി വിവരശേഖരണവും ഉൾപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ ആദ്യ പൂർണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

Tags:    
News Summary - Supreme Court dismisses plea to stop national caste census; slams petitioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.