‘ജോലി കുറവാണ്, പകുതി കാശ് തന്നാൽ മതി'; മന്ത്രിമാർക്കെതിരെ അഴിമതി ആരോപണവുമായി ഐ.എ.എസ് ഉദ്യോഗസ്ഥന്‍റെ കത്ത്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭരണകക്ഷി നേതാക്കളുടെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ അസാധാരണ പ്രതിഷേധവുമായി 2023 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ. തന്നെ നിയമപ്രകാരം ജോലി ചെയ്യാൻ അനുവദിക്കുന്ന എവിടെയെങ്കിലും മാറ്റണമെന്നും, അതല്ലെങ്കിൽ നിലവിലെ തസ്തികയിൽ ദിവസവും നാല് മണിക്കൂർ മാത്രമാണ് പണിയുള്ളതെന്നതിനാൽ ശമ്പളം പകുതിയായി വെട്ടിക്കുറയ്ക്കണമെന്നുമാണ് ജലൗൻ എസ്.ഡി.എം (ജുഡീഷ്യൽ) ആയ റിങ്കു സിങ് രാഹിയുടെ ആവശ‍്യം. യു.പി കാബിനറ്റ് മന്ത്രി സ്വതന്ത്ര ദേവ് സിങ്, ബി.ജെ.പി എം.എ.എ ഗൗരി ശങ്കർ വർമ്മ എന്നിവർക്കെതിരെ അഴിമതിയും അന്വേഷണം അട്ടിമറിക്കലും ആരോപിച്ച് സംസ്ഥാന അപ്പോയിന്റ്മെന്റ് വകുപ്പിന് അയച്ച അഞ്ച് പേജുള്ള കത്തിലാണ് ഉദ്യോഗസ്ഥന്റെ ഈ തുറന്നടി.

മുൻപ് താൻ ജലൗനിൽ എസ്.ഡി.എം ആയിരിക്കെ, ബി.ജെ.പി എം.എൽ.എയുടെ സാന്നിധ്യത്തിൽ, അനധികൃത ഭൂമി കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കരുതെന്ന് ജില്ല മജിസ്‌ട്രേറ്റ് തനിക്ക് കർശന നിർദ്ദേശം നൽകിയിരുന്നതായി റിങ്കു സിങ് വെളിപ്പെടുത്തുന്നു. മന്ത്രി സ്വതന്ത്ര ദേവ് സിങിന്റെ അടുത്ത ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള കോൾഡ് സ്റ്റോറേജിലെ അനധികൃത നിർമ്മാണങ്ങളെക്കുറിച്ചും സുരക്ഷാ വീഴ്ചകളെക്കുറിച്ചും താൻ അന്വേഷണം പ്രഖ്യാപിച്ചതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. ലഖ്‌നൗവിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചതിനെ തുടർന്നായിരുന്നു പരിശോധന. എന്നാൽ അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് തന്നെ, തന്നെ തരംതാഴ്ത്തുന്നതിന് തുല്യമായി പണി കുറഞ്ഞ ജുഡീഷ്യൽ തസ്തികയിലേക്ക് തിടുക്കത്തിൽ മാറ്റുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

പൊതുജന പരാതി പരിഹാര പരിപാടികൾ വെറും പ്രഹസനമായി മാറിയ യു.പിയിൽ തനിക്ക് നീതിയോടെ ജോലി ചെയ്യാൻ സാധിക്കില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഡെപ്യൂട്ടേഷനിൽ അയക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Tags:    
News Summary - IAS Officer Accuses Ministers of Corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.