ജന്തർ മന്തറിലെ വൻ ലാത്തിച്ചാർജ്

'എന്നെ തല്ല് സാർ, തല്ല്!'; ജന്തർ മന്തറിൽ പൊലീസിന് മുന്നിൽ നെഞ്ച് വിരിച്ച് യുവാവ്

ന്യൂഡൽഹി: പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്ക് നേരെ ജന്തർ മന്തറിൽ വൻ ലാത്തിച്ചാർജ്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടെയാണ് രാജ്യം തലസ്ഥാനത്ത് കനത്ത നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടയിൽ പൊലീസിന് മുന്നിൽ നെഞ്ച് വിരിച്ചുനിന്ന് തന്നെ മർദ്ദിക്കാൻ വെല്ലുവിളിച്ച ഒരു യുവാവിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയാണ്.

വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ട ദൃശ്യങ്ങളിലാണ് ഈ നാടകീയ രംഗങ്ങളുള്ളത്. ലാത്തികളുമായി നിൽക്കുന്ന ഒരു കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നടുവിലാണ് യുവാവ് നിൽക്കുന്നത്. കയ്യിൽ ഒരു മൊബൈൽ ഫോൺ മാത്രമുള്ള ഇയാൾ പൊലീസിനോട് "എന്നെ തല്ല് സാർ, തല്ല്" എന്ന് ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ലാത്തികൊണ്ട് അടിക്കുന്നുണ്ടെങ്കിലും യുവാവ് അവിടെത്തന്നെ ഉറച്ചുനിൽക്കുകയാണ്. പിന്നീട് കൂടുതൽ ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ അവിടെനിന്ന് മാറ്റി.

കോൺഗ്രസ് നേതാവ് ധീരജ് ഗുർജാർ ഉൾപ്പെടെയുള്ള പ്രമുഖർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. യുവാക്കൾ തങ്ങളുടെ അവകാശങ്ങൾക്കും തൊഴിലിനും ഭരണഘടനയ്ക്കും വേണ്ടി തെരുവിലിറങ്ങുമ്പോൾ ഭരണകൂടം ഭയവും അടിച്ചമർത്തലുമാണ് സമ്മാനിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ഉപാധികളോടെ നിരാഹാരം അവസാനിപ്പിക്കാൻ സോനം വാങ്ചുക്

അതിനിടെ, ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രംഗത്തെ തകർച്ചയ്ക്കെതിരെ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

തുടർന്ന് പുറത്തുവിട്ട സന്ദേശത്തിലാണ് ജൂലൈ 20-ഓടെ നിരാഹാരം അവസാനിപ്പിക്കാൻ ചില ഉപാധികൾ അദ്ദേഹം മുന്നോട്ടുവെച്ചത്. വിദ്യാഭ്യാസ രംഗത്തെ പരാജയങ്ങളുടെയും പരീക്ഷാ ചോർച്ചകളുടെയും ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുക, അല്ലെങ്കിൽ സി.ജെ.പി നേതാക്കൾ പാർലമെന്റ് കവാടത്തിൽ എത്തുമ്പോൾ എം.പിമാർ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഉറപ്പ് നൽകുക എന്നിവയാണ് ആവശ്യങ്ങൾ. ആരോഗ്യസ്ഥിതി മോശമായതിനാൽ എം.പിമാർക്ക് ആശുപത്രിയിലെത്തി ഈ ഉറപ്പ് നൽകാവുന്നതാണെന്നും വാങ്ചുക് വ്യക്തമാക്കിയിട്ടുണ്ട്. വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഡൽഹി കനത്ത സുരക്ഷാ വലയത്തിലായിരുന്നു.

Tags:    
News Summary - 'Sir, hit me!'; Youth shows his chest in front of police at Jantar Mantar, lathicharge video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.