ന്യൂഡൽഹി: അലോപ്പതി മെഡിക്കൽ കോളജ് അധ്യാപകരുടേതിന് സമാനമായി, തങ്ങളുടെ വിരമിക്കൽ പ്രായം 55ൽനിന്ന് 60 ആയി ഉയർത്തണമെന്ന ഹോമിയോപ്പതി അധ്യാപകരുടെ ഹരജി സുപ്രീംകോടതി തള്ളി. ഇക്കാര്യമാവശ്യപ്പെട്ട് കേരള ഹൈകോടതിയിൽ സമർപ്പിച്ച ഹരജി തള്ളിയതിനെ തുടർന്ന് സമർപ്പിക്കപ്പെട്ട അപ്പീൽ തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്. സർവിസിൽനിന്ന് പിരിഞ്ഞവർക്ക്, പിന്നീട് വന്ന സർക്കാർ ഉത്തരവ് പ്രകാരം വിരമിക്കൽ പ്രായം ഉയർത്തിയതിൽ അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. 2010ലാണ് അപ്പീൽ സമർപ്പിക്കപ്പെട്ടിരുന്നത്. ഇതിനിടെ, ഹോമിയോ കോളജ് അധ്യാപകരുടെ വിരമിക്കൽ പ്രായം 60 ആക്കി കേരള സർക്കാർ 2012ൽ ഉത്തരവിറക്കിയിരുന്നു. ആയുർവേദ, ഡെന്റൽ കോളജ് അധ്യാപകരുടെ വിരമിക്കൽ പ്രായവും ഇതുപോലെ ഉയർത്തുകയുണ്ടായി.
തുടർന്ന്, സർക്കാർ ഉത്തരവിന് ഹരജിക്കാർ മുൻകാല പ്രാബല്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, വിരമിക്കൽ പ്രായം നിശ്ചയിക്കൽ തീർത്തും നയപരമായ കാര്യമാണെന്നും അത് സംസ്ഥാന സർക്കാറിന്റെ അധികാരപരിധിയാണെന്നും ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് രാജേഷ് ബിന്തൽ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.