ന്യൂഡൽഹി: ചരിത്ര സ്മാരകമായ ആഗ്രയിലെ താജ് മഹലിന് സമീപം ബഹുനില പാർക്കിങ് സംവിധാനം ഒരുക്കാൻ സുപ്രീംകോടതി അനുമതി നിഷേധിച്ചു. സ്മാരകത്തിന്‍റെ കിഴക്കൻ കവാടത്തിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ പാർക്കിങ് സംവിധാനം ഏർപ്പെടുത്താനുള്ള നീക്കത്തിനാണ് കോടതി തടയിട്ടത്. താജിലേക്ക് വാഹനം ഒാടിച്ച് വരുന്നത് കാൽനടയായി എത്തുന്നതിന് പകരമാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സ്മാരകത്തിന്‍റെ 10,400 ചതുരശ്ര കിലോമീറ്റർ ചുറ്റുവട്ടം താജ് സമാന്തര ചതുഷ്കോണം സോണി (ടി.ഐ.ഇസഡ്)ൽ ഉൾപ്പെടുന്ന സംരക്ഷിത മേഖലയാണ്.
താജിന് സമീപം നിർമാണം പുരോഗമിക്കുന്ന ബഹുനില പാർക്കിങ് സംവിധാനം പൊളിച്ചു നിക്കാൻ ഒക്ടോബർ 24ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പരിസ്ഥിതി പ്രവർത്തകൻ എം.സി മെഹ്ത സമർപ്പിച്ച ഹരജിയിലായിരുന്നു ജസ്റ്റിസ് എം.ബി. ലോകൂർ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
താജ്മഹലിന്റെയും സമീപപ്രദേശങ്ങളുടെയും മലിനീകരണം തടയുന്നതിനുള്ള സമഗ്രനയം എന്താണെന്ന് അറിയിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നയം വ്യക്തമാക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും വാക്ക് പാലിക്കാതിരുന്ന ഉത്തർപ്രദേശ് സർക്കാറിനെ കോടതി രൂക്ഷമായി വിമർശിച്ചു. കൂടതെ, യു.പി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ട്ടയോട് സമഗ്രനയം കോടതിക്ക് മുമ്പാകെ ഹാജരാക്കാത്തതിൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടർന്നാണ് കേസ് തുടർവാദം കേൾക്കാൻ നവംബർ 20ലേക്ക് മാറ്റിയത്.
മുഗൾ ചക്രവർത്തി ഷാജഹാൻ തന്‍റെ പ്രാണ പ്രേയസിയായ പത്നി മുംതാസിന്‍റെ ഒാർമക്കായി 17ാം നൂറ്റാണ്ടിൽ നിർമിച്ചതാണ് താജ് മഹൽ. 1631ൽ ആഗ്രയിൽ യമുന നദിയുടെ തീരത്ത് വെള്ളക്കൽ മാർബിളിൽ നിർമിച്ച സ്മാരക സൗധത്തെ ലോക പൈതൃക സ്ഥലമായി യുെനസ്കോ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.