ഫോം സിക്സിൽ മാറ്റം: അനുമതി നൽകിയില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: വോട്ടുകൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ വീണ്ടും പ്രതിരോധത്തിലാക്കി സുപ്രീംകോടതി. പുതുതായി വോട്ടർമാരെ ചേർക്കാനുള്ള ഫോം സിക്സിൽ മാറ്റം വരുത്താൻ തങ്ങളുടെ അനുമതിയുണ്ടായിട്ടില്ലെന്ന നിലപാട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആവർത്തിച്ചു.
ബിഹാറിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികളുടെ നിയമസാധുതയെക്കുറിച്ച് മേയ് 27ലെ വിധിയിൽ ഫോം സിക്സ് പരിഷ്കാരങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നില്ലെന്നും അന്ന് കോടതിയുടെ മുന്നിൽ ഈ വിഷയം പരിഗണനക്ക് വന്നിട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
ഫോം സിക്സുമായി ബന്ധപ്പെട്ട് അധിക വിവരം ഉൾപ്പെടുത്താൻ ഒരു അനുമതിയും കമീഷന് നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒക്ടോബർ അഞ്ചിന് നിരീക്ഷണം നടത്തിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങൾക്കുശേഷവും, കോടതി അംഗീകാരം നൽകിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ ഫോം സിക്സിലെ മാറ്റങ്ങളെ ന്യായീകരിക്കുന്നത് തുടരുകയാണെന്ന് അഭിഭാഷകൻ തിങ്കളാഴ്ച കോടതിയെ അറിയിച്ചപ്പോൾ വിഷയത്തിൽ കോടതി വ്യക്തത വരുത്തുകയായിരുന്നു.
‘ബിഹാർ എസ്.ഐ.ആർ വാദം കേൾക്കുമ്പോൾ ഫോം സിക്സിൽ അധികം വിവരങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള മാറ്റം വരുത്തിയിരുന്നില്ല. ജൂലൈയിലാണ് ഇ.സി.ഐ നെറ്റ് പോർട്ടലിൽ അപേക്ഷകർ എസ്.ഐ.ആറിലെ അധിക വിവരം നൽകണമെന്ന് ആവശ്യപ്പെടുന്ന പുതിയ മാറ്റങ്ങൾ വരുത്തിയത്. ഈ വിഷയം ഇനി പരിശോധിക്കുന്നതായിരിക്കുമെന്നും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വിശദീകരിച്ചു.
ഫോം സിക്സ് അപേക്ഷകർ അവരുടെ മാതാപിതാക്കൾ മുമ്പ് നടന്ന എസ്.ഐ.ആറിന് ശേഷമുള്ള വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അധിക വിവരം നൽകാനുള്ള നടപടി സുപ്രീംകോടതി അനുമതിയോടെ ആയിരുന്നു എന്നായിരുന്നു സെപ്റ്റംബർ 29ന് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ്, കോടതി അനുമതി നൽകിയിട്ടില്ലെന്ന കാര്യം ഒക്ടോബർ അഞ്ചിന് വ്യക്തമാക്കിയത്.
ഫോം സിക്സ് ഭേദഗതി വരുത്തിയത് അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയ സഹ കമീഷണർമാർ തന്നെ വിയോജന കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരം ‘ഇന്ത്യൻ എക്സ്പസ്ര് പത്രം പുറത്തുവിട്ടതോടെയാണ് മാറ്റം കോടതിയുടെ അനുമതിയോടെയാണെന്ന് വ്യക്തമാക്കി കമീഷൻ വാർത്താക്കുറിപ്പ് ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.