പി. സരിൻ
‘സിജെപി ആർഎസ്എസിന്റെ പദ്ധതി എന്നത് ഗുരുതര വാക്കുപിഴ’; ഖേദം പ്രകടിപ്പിച്ച് പി. സരിൻ
ന്യൂഡൽഹി: സിജെപി ആർഎസ്എസിന്റെ മറ്റൊരു പദ്ധതിയെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പി. സരിൻ. ഇത് തനിക്കുപറ്റിയ ഗുരുതര വാക്കുപിഴയാണെന്നും പ്രസ്താവന പാർട്ടിയുടേതല്ലെന്നും സരിൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. സംഘപരിവാറിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സി.ജെ.പിയും മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
‘സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്’ എന്ന ആരോപണം ശരിയാണെന്ന് സ്ഥാപിക്കാൻ കഴിയുന്ന സാഹചര്യം സിജെപി തന്നെ സൃഷ്ടിക്കരുത് എന്ന് പറയാനാണ് ശ്രമിച്ചതെന്നും എന്നാൽ മനസ്സിൽ ഉദ്ദേശിച്ചത് അതേ രീതിയിൽ ആശയവിനിമയം നടത്താൻ കഴിഞ്ഞില്ലെന്നും സരിൻ കൂട്ടിച്ചേർത്തു.
അച്ചടക്കമുള്ള പാർട്ടി അംഗമെന്ന നിലയിൽ തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് തിരിച്ചറിയുന്നുവെന്നും അതിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമാകെ ശ്രദ്ധിക്കുന്ന യുവജനപ്രസ്ഥാനമായ സിജെപിയെക്കുറിച്ച് നിരുത്തരവാദപരമായ രാഷ്ട്രീയ പ്രസ്താവന നടത്തിയതിലെ അനൗചിത്യം വൈകിയാണെങ്കിലും തിരിച്ചറിയുന്നുവെന്നും സരിൻ പറഞ്ഞു.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ‍്യാനേഷ് കുമാറിൻറെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള ഇൻഡ്യ സഖ്യത്തിന്റെ ചലോ ദില്ലി മാർച്ചിൽ മാർച്ചിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് സരിൻ വിവാദ പരാമർശം നടത്തിയത്. പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സരിന്റെ ഫേസ്ബുക് പോസ്റ്റ്
ഇന്ന് ഡൽഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോൾ CJPയെ കുറിച്ച് പറഞ്ഞ അഭിപ്രായം എന്റെ പാര്‍ടിയുടേതല്ല എന്നും, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും ആദ്യമേ ഏറ്റു പറയട്ടെ.
എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല എൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി CJPയും ഇന്ന് അവിടെ മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശം.
"CJP ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാൻ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കി കൊടുക്കരുത് എന്ന് പറയാൻ മാത്രമാണ് ഉദ്ദേശിച്ചത്. എന്നാൽ, ഞാൻ മനസ്സിൽ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞത്.
അച്ചടക്കമുള്ള ഒരു പാർടി അംഗം എന്ന നിലയിൽ ഇത് എന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ആണെന് മനസ്സിലാക്കുന്നു. അതിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു.
സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെ പറ്റി തീര്‍ത്തും നിരുത്തരവാദപരമായ നിലയില്‍ ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയിൽ തിരിച്ചറിയുന്നു.
രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ പോരാടുന്ന മുഴുവൻ സമരസഖാക്കൾക്കും അഭിവാദ്യങ്ങൾ.
തെറ്റുകൾ ചൂണ്ടിക്കാട്ടിയ എന്റെ പ്രിയ സഖാക്കള്‍ക്ക് നന്ദി.
ലാൽസലാം✊🏼
ഡോ. പി. സരിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.