ന്യൂഡൽഹി: നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാവസ്തു സ്മാരകമായ ലോധി കാലത്തെ ‘ശൈഖ് അലി ഗുംടി’യുടെ പരിസരത്തെ അനധികൃത നിർമാണത്തിന്റെ അവശിഷ്ടങ്ങൾ നീക്കി വൃത്തിയാക്കണമെന്ന നിർദേശം നടപ്പാക്കാത്തതിന് ഡൽഹി മുനിസിപ്പൽ കമീഷണറെ നേരിട്ട് വിളിച്ചുവരുത്തി താക്കീത് നൽകി സുപ്രീംകോടതി. ഡിഫൻസ് കോളനി വെൽഫെയർ അസോസിയേഷൻ അനധികൃതമായി കൈയേറി ഡൽഹി മുനിസിപ്പൽ കൗൺസിൽ അനധികൃത ഫീസും കാർപാർക്കിങും ഉണ്ടാക്കിയതിനെതിരെ പുറപ്പെടുവിച്ച വിധി കമീഷണർ നടപ്പാക്കാതിരുന്നതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.
രാവിലെ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി നിയോഗിച്ച അഡ്വക്കറ്റ് കമീഷണർ ഗേപാൽ ശങ്കര നാരയണനാണ് എം.സി.ഡി വിധി നടപ്പാക്കാത്തത് റിപ്പോർട്ട് ചെയ്തത്. ‘ഈഗോ’യാണോ എം.സി.ഡി കോടതി ഉത്തരവ് ധിക്കരിക്കാൻ കാരണമെന്ന് ചോദിച്ച് ഉച്ചക്കുശേഷം മൂന്ന് മണിക്ക് കമീഷണേറാട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. വിഷയത്തോട് എം.സി.ഡി കൈകൊണ്ട സമീപനത്തിൽ രോഷവും ആശങ്കയുമുണ്ടെന്ന് കമീഷണറോട് ജസ്റ്റിസുമാരായ അഹ്സനുദ്ദീൻ അമാനുല്ല, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.
ഉത്തരവ് നടപ്പാക്കാത്തതിന് എം.സി.ഡി അഭിഭാഷക ഗരിമ പ്രസാദിനെയും സുപ്രീംകോടതി വിമർശിച്ചു. ഈ മാസം 18ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ‘ശൈഖ് അലി ഗുംടി’ വൃത്തിയാക്കിയതിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.