ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മരംമുറിക്കാൻ അനുമതി തേടി തമിഴ്നാട് സമർപ്പിച്ച അപേക്ഷ അംഗീകരിച്ച് സുപ്രീംകോടതി. അണക്കെട്ടിനോടനുബന്ധിച്ച ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ അനുമതി തേടി തമിഴ്നാടിന്റെ അപേക്ഷയിൽ കേരളം രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേരളത്തിന്റെ ശിപാർശ ലഭിച്ചാൽ മൂന്നാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കാൻ കേന്ദ്രസര്‍ക്കാറിനും നിർദേശമുണ്ട്.
മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്നത് ഉൾപ്പെടെ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാത്തതുമായി ബന്ധപ്പെട്ടാണ് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചത്. മരങ്ങള്‍ മുറിക്കാനുള്ള അന്തിമ അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണ്. അണക്കെട്ടിലേക്കുള്ള വള്ളക്കടവ് - മുല്ലപ്പെരിയാര്‍ വനപാത പുനർനിര്‍മിക്കാനും സുപ്രീംകോടതി നിര്‍ദേശം നല്കി. നിർമാണം നടത്തേണ്ടത് കേരളമാണെങ്കിലും തമിഴ്നാട് ഇതിനുള്ള ചെലവ് വഹിക്കണം. ഇതിന് നാല് ആഴ്ചത്തെ സമയം അനുവദിച്ചു.
അണക്കെട്ടില്‍ ഒരു ബോട്ട് കൂടി അനുവദിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഡോർമിറ്ററിയുടെ അറ്റകുറ്റപ്പണി നടത്താനും തമിഴ്നാടിന് അനുവാദം നൽകി. അണക്കെട്ടില്‍ ഗ്രൗട്ടിങ് ഉൾപ്പെടെ അറ്റകുറ്റപ്പണി നടത്തണം എന്ന ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ മേല്‍നോട്ട സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രവൃത്തികൾ നടക്കുന്ന സ്ഥലത്ത് കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. അണക്കെട്ടിന് സമീപത്തെ 23 മരങ്ങള്‍ മുറിക്കാന്‍ നേരത്തേ തമിഴ്നാട് നല്കിയ അപേക്ഷ കേരളം നിരസിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മേയ് 14ന് തമിഴ്നാട് പുതിയ അപേക്ഷ നല്‍കിയത്. ഈ അപേക്ഷയില്‍ തീരുമാനം എടുക്കാന്‍ 35 ദിവസത്തെ സമയം തങ്ങള്‍ക്ക് ഉണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍, ഈ വാദം അംഗീകരിക്കാന്‍ സുപ്രീംകോടതി തയാറായില്ല. പിന്നാലെ, രണ്ട് ആഴ്ചക്കുള്ളില്‍ തമിഴ്നാടിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.