ഗ്യാൻവാപി പള്ളിയിൽ പുരാവസ്തു സർവേക്ക് സുപ്രീംകോടതി അനുമതി; പര്യവേക്ഷണം പാടില്ല

ന്യൂഡൽഹി: ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പുരാവസ്തു വകുപ്പ് സർവേ നടത്തട്ടെ എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധിച്ചു. അലഹാബാദ് ഹൈകോടതി വിധിക്കെതിരെ അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ തള്ളിയാണ് കോടതി ഉത്തരവ്.

തങ്ങൾ ആദ്യം സമർപ്പിച്ച ഹരജി സുപ്രീംകോടതി തീർപ്പാക്കാതെ അതിനിടയിൽ ഹിന്ദുപക്ഷം ഉന്നയിച്ച ഈ ഇടക്കാല ആവശ്യം അനുവദിക്കരുതെന്ന പള്ളി കമ്മിറ്റിയുടെ വാദം തള്ളിയാണ് സുപ്രീംകോടതി വിധി. പള്ളിയിലെ നമസ്കാരത്തിന് എന്തു സംഭവിക്കുമെന്ന് ചോദിച്ച പള്ളി കമ്മിറ്റിയുടെ അഭിഭാഷകൻ ഹുസൈഫ അഹ്മദിയോട് അതിനുള്ള അനുവാദം തുടരുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാൽ പ്രതികരിച്ചു. സർവേ അലഹാബാദ് ഹൈകോടതി നിരീക്ഷണത്തിനും എ.എസ്.ഐ സമർപ്പിച്ച സത്യവാങ്മൂലത്തിനും വിധേയമാണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കി.

എ.എസ്.ഐ അഡീഷനൽ ഡയറക്ടർ ജനറൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർവേയുടെ സ്വഭാവം വ്യക്തമാക്കിയിട്ടുണ്ട്. ഈ സത്യവാങ്മൂലത്തിന് പുറമെ എ.ഡി.ജി അലോക് ത്രിപാഠി കോടതിക്ക് നൽകിയ ഉറപ്പ് ഹൈകോടതി രേഖപ്പെടുത്തിയിട്ടുണ്ട്. സർവേയിൽ പര്യവേക്ഷണവും കെട്ടിടത്തിന് നാശവുമുണ്ടാകുമെന്ന് ഹൈകോടതി ആശങ്ക പ്രകടിപ്പിച്ചപ്പോൾ പര്യവേക്ഷണം നടത്തുകയില്ലെന്നും പള്ളിക്ക് കേടുപാടുകളുണ്ടാകില്ലെന്നും എ.എസ്.ഐക്ക് വേണ്ടി എ.ഡി.ജി അലോക് ത്രിപാഠിയും കേന്ദ്ര സർക്കാറിന് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറലും വ്യക്തമാക്കിയിട്ടുണ്ട്.

ശാസ്ത്രീയമായ അന്വേഷണം നടത്താൻ ഗ്യാൻവാപി പള്ളിയുടെ ചുമരുകൾക്ക് താഴെ കുഴിക്കരുതെന്ന അലഹാബാദ് ഹൈകോടതി വിധി സുപ്രീംകോടതി വിധിയിലും ആവർത്തിച്ചു. വരാണസി ഗ്യാൻവാപി പള്ളി പരിസരത്ത് ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് നോക്കാൻ സർവേ നടത്താൻ വരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തായിരുന്നു അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ഹൈകോടതിയെ സമീപിച്ചത്. എന്നാൽ പുരാവസ്തു വകുപ്പ് സർവേ ആവശ്യമാണെന്നായിരുന്നു അലഹാബാദ് ഹൈകോടതി വിധി.

പള്ളിയിൽ പുരാവസ്തു വകുപ്പ് നടത്തുന്ന ശാസ്ത്രീയ സർവേ നീതിയുടെ താൽപര്യത്തിന് ആവശ്യമാണെന്നും ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും ഗുണകരമായിരിക്കുമെന്നും വ്യക്തമാക്കിയാണ് സർവേക്കെതിരെ അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി ഹൈകോടതി തള്ളിയത്. ഇതിനെതിരെയാണ് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിലെത്തിയത്.

Tags:    
News Summary - Supreme Court Allows ASI Survey Of Gyanvapi Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.