ന്യൂഡൽഹി: കേസുകളിൽ ശിക്ഷിക്കപ്പെട്ട വ്യക്തികൾ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും പാർട്ടി നേതൃത്വപദവികളിലിരിക്കുന്നതും തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ആഗസ്റ്റിലേക്ക് മാറ്റി. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം ശിക്ഷിക്കപ്പെട്ടയാൾക്ക് അയോഗ്യത കൽപ്പിക്കുമ്പോൾ ഇക്കാലയളവിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതും നേതൃപദവിയിൽ ഇരിക്കുന്നതും വിലക്കണമെന്നാണ് ആവശ്യം. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായാണ് ഹരജിക്കാരൻ.
ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഭരണഘടനാ ബെഞ്ചിന് മുന്നിലുള്ള മറ്റൊരു ഹരജിയിലെ കാര്യമാണോ ഇതിലും ഉന്നയിക്കുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ രണ്ടും വ്യത്യസ്തമാണെന്ന് ഹരജിക്കാരൻ മറുപടി നൽകി. തുടർന്നാണ് ആഗസ്റ്റ് രണ്ടാംവാരത്തിലേക്ക് വാദം മാറ്റിയത്.
ശിക്ഷിക്കപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയുണ്ടെങ്കിലും, അവർ പാർട്ടികളുടെ നേതൃസ്ഥാനത്തിരിക്കുകയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. മത്സരിക്കാനാകില്ലെന്നും അധികാര പദവിയിൽ ഇരുന്നകൊണ്ട് കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഇവർ തന്നെയാവും. ഇത് ഈ നിയമത്തിലെ വലിയ വീഴ്ചയാണ്. ലാലു പ്രസാദ് യാദവ്, ഒ.പി. ചൗട്ടാല, ശശികല തുടങ്ങിയ ശിക്ഷിക്കപ്പെട്ട നേതാക്കൾ പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടർന്നത് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.