ഛത്തീസ്​ഗഢിൽ മാ​വോ​വാ​ദി ആക്രമണം: 25 സൈനികർ കൊല്ലപ്പെട്ടു

റായ്പുർ: ഛത്തിസ്ഗഢിലെ സുക്മ ജില്ലയിൽ പതിയിരുന്നാക്രമിച്ച മാവോവാദികളുടെ വെടിവെപ്പിൽ 25 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടു. നിരവധി ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിൽ ജവാന്മാരുടെ തിരിച്ചടിയിൽ മാവോവാദികളും കൊല്ലപ്പെട്ടു. ജവാന്മാരുടെ സംഘത്തെ നയിച്ച കമാൻഡറും മരിച്ചവരിൽപെടുന്നു. മാവോവാദികളുടെ വിഹാര മേഖലകളിലൊന്നായ സുക്മ ജില്ലയിലെ, ചിൻറാഗുഫക്ക് സമീപം ബുർക്കാപാൽ ഗ്രാമത്തിലെ കാലാപത്തറിലാണ് സംഭവം. ഉച്ചക്ക് 12.25നാണ് സി.ആർ.പി.എഫ് 74 ബറ്റാലിയനു നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. വന പ്രദേശത്തിനരികെ റോഡ് ഗതാഗതയോഗ്യമാക്കിയ  90ഒാളം ജവാന്മാരടങ്ങുന്ന സംഘത്തെയാണ് കുന്നിൻമുകളിൽനിന്ന് മാവോവാദികൾ ലക്ഷ്യംവെച്ചത്. ഉച്ചഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു ജവാന്മാർ.  300ഒാളം ആക്രമികൾ പല സംഘങ്ങളായി തിരിഞ്ഞാണ് എത്തിയതെന്ന് പൊലീസ് അറിയിച്ചു. മരിച്ച ജവാന്മാരുടെ ആയുധങ്ങളും കൊള്ളയടിച്ചു. 11 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാൾ ഹെലികോപ്ടറിൽ വെച്ചും മറ്റുള്ളവർ ആശുപത്രിയിലും മരണത്തിന് കീഴടങ്ങിയെന്ന് സി.ആർ.പി.എഫ് ഡെപ്യൂട്ടി െഎ.ജി എം. ദിനകരൻ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ  റായ്പുരിേലക്ക് ഹെലികോപ്ടർ വഴി എത്തിച്ചു. വ്യോമസേനയുടെ ഹെലികോപ്ടറുകളും സഹായത്തിെനത്തി. ഏറ്റുമുട്ടലിനിടെ കാണാതായ ഏഴ് ജവാന്മാരെ പിന്നീട് കണ്ടെത്തി. 

ആക്രമണം നടന്ന സ്ഥലത്തു നിന്നും ലഭിച്ച സ്ഫോടക വസ്തുക്കൾ
ഡൽഹിയിലുണ്ടായിരുന്ന മുഖ്യമന്ത്രി രമൺ സിങ് യാത്ര റദ്ദാക്കി ഉടൻ റായ്പുരിലെത്തി ഉന്നതതല യോഗം വിളിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമടക്കമുള്ള പ്രമുഖർ നടുക്കവും അനുശോചനവും രേഖപ്പെടുത്തി.  ആക്രമണം ഭീരുത്വമാെണന്ന് പറഞ്ഞ മോദി, രക്തസാക്ഷിത്വം വെറുതെയാവില്ലെന്നും പറഞ്ഞു.  പരിേക്കറ്റവർ എളുപ്പം സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോർട്ട് തേടി. ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ആഹിറിനെ  അയച്ചതായി രാജ്നാഥ് സിങ് പറഞ്ഞു. സി.ആർ.പി.എഫ് ആക്ടിങ് ഡയറക്ടർ ജനറൽ സുദീപ് ലഖ്ടാക്കിയയും റായ്പുരിലേക്ക് പോയി.

 

ആക്രമണം നടന്ന പ്രദേശം

 

കഴിഞ്ഞ മാസം 11ന് സുക്മ ജില്ലയിൽ മാവോവാദികൾ 11 ജവാന്മാരെ കൊന്ന് ആയുധങ്ങൾ കൊള്ളയടിച്ചിരുന്നു. 2010ൽ 76 സി.ആർ.പി.എഫ് ജവാന്മാർക്കും ജീവൻ നഷ്ടമായി. കുഴിബോംബ് ആക്രമണം പതിവാക്കിയ മാവോവാദികൾ തോക്കുമായി നേരിടാനെത്തുന്നത് അപൂർവമാണ്.  ചിൻറാഗുഫ -ബുർകാപാൽ -ബെജി പ്രദേശങ്ങളിൽ മാവോവാദികൾ ശക്തമായ സാന്നിധ്യമാണ്. ജവാന്മാരെക്കാൾ ഇരട്ടിയിലേറെയുള്ള മാവോവാദി സംഘം ദുർഘടമായ പ്രദേശത്തുനിന്ന്  കുതിച്ചെത്തുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെയായിരുന്നു ഇവരുടെ വരവെന്ന് പരിക്കേറ്റ ജവാനായ ഷേർ മുഹമ്മദ് പറഞ്ഞു. തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമം ശക്തമായ തിരിച്ചടിയിലൂടെ ഇല്ലാതാക്കിയെന്ന് മറ്റൊരു ജവാനായ സൗരഭ് മലിക് പറഞ്ഞു. 12 മാവോവാദികെളങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് ജവാന്മാർ പറഞ്ഞു. സി.ആർ.പി.എഫിന്‍റെ കോബ്ര സംഘം മാവോവാദികൾക്കായി തിരച്ചിൽ ശക്തമാക്കി.
Tags:    
News Summary - Sukma Attack 24 CRPF jawans killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.