ന്യൂഡൽഹി: അയൽരാജ്യങ്ങളായ ചൈന, പാകിസ്താൻ എന്നിവരുടെ വർദ്ധിച്ചുവരുന്ന ആണവായുധ-മിസൈൽ ഭീഷണികളെ പൂർണ്ണമായി ചെറുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ 'മിഷൻ സുദർശൻ ചക്ര' എന്ന ബൃഹത്തായ വ്യോമപ്രതിരോധ പദ്ധതി നടപ്പിലാക്കുന്നു. പരസ്പരം ബന്ധിപ്പിച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളും കൃത്രിമബുദ്ധിയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു 'കിൽ-വെബ്' ശൃംഖലയാണ് ഇന്ത്യ ഇതിലൂടെ രാജ്യത്തിന് ചുറ്റും തീർക്കുന്നത്. 2035-ഓടെ ഈ പദ്ധതി പൂർണ്ണമായി പ്രവർത്തനസജ്ജമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങൾ ഉപയോഗിക്കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളെല്ലാം വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ കിൽ-വെബ് ശൃംഖലയിലൂടെ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ പ്രതിരോധ ആയുധങ്ങളെ ഒരൊറ്റ കമാൻഡ് സെന്ററിന് കീഴിൽ കോർത്തിണക്കും .ഉപഗ്രഹങ്ങൾ, അത്യാധുനിക ദീർഘദൂര റഡാറുകൾ എന്നിവ വഴി ശത്രുക്കളുടെ നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാനും പ്രതിരോധിക്കാനും ഇതിന് സാധിക്കും.
ഡി.ആർ.ഡി.ഒയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഈ സുരക്ഷാ കവചം മൂന്ന് പ്രധാന തലങ്ങളിലായാണ് പ്രവർത്തിക്കുന്നത്. ശത്രുക്കളുടെ ഡ്രോണുകൾ മുതൽ അതിവേഗ ഹൈപ്പർസോണിക് മിസൈലുകളെ വരെ തകർക്കാൻ ഇതിന് ശേഷിയുണ്ടാകും. ഡ്രോണുകളിൽ നിന്നും താഴ്ന്ന പറക്കുന്ന വിമാനങ്ങളിൽ നിന്നും മുൻനിര സൈനികരെ സംരക്ഷിക്കുന്നതിനായി വളരെ ഹ്രസ്വ-ദൂര വ്യോമ പ്രതിരോധ ആയുധങ്ങൾ, വിശാലമായ കവറേജിനായി ആകാശ്, എംആർ-സാം ബാറ്ററികൾ പോലുള്ള ഇടത്തരം ഇന്റർസെപ്റ്ററുകൾ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധം നൽകുന്നതിനായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ദീർഘദൂര ഇന്റർസെപ്റ്ററുകൾ എന്നിവ ഈ സംവിധാനത്തിൽ സംയോജിപ്പിച്ചിരിക്കുന്നു.
പദ്ധതി വേഗത്തിലാക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത് കഴിഞ്ഞ വർഷം നടന്ന 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക ദൗത്യത്തിന്റെ വിജയമാണ്. ആ സൈനിക നീക്കത്തിൽ ഇന്ത്യയുടെ പ്രതിരോധ കവചങ്ങൾ ശത്രുക്കളുടെ നൂറുകണക്കിന് ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചിരുന്നു. ആയുധങ്ങൾ ഉപയോഗിച്ചുള്ള പ്രതിരോധത്തിന് പുറമെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളെ ചെറുക്കാനുള്ള ഡിജിറ്റൽ സുരക്ഷാ കവചവും സുദർശൻ ചക്രയുടെ ഭാഗമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.