അദാനിയുടെ തകർച്ചക്ക് കാരണം വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിലെ ശ്രീരാമ കോപം -സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് നേരിടുന്ന തകർച്ചക്ക് കാരണം വിഴിഞ്ഞം തുറമുഖ നിർമാണത്തിന് രാമസേതു മുറിക്കുന്നതിലുള്ള ശ്രീരാമ കോപമാണെന്ന് മുതിർന്ന ബി.ജെ.പി നേതാവും മുൻ എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിൽ ഒരു ട്വീറ്റിന് നൽകിയ മറുപടിയിലാണ് അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനം. രാമ സേതു മുറിച്ചു കടന്ന് കപ്പലുകൾക്ക് പോകാനാണ് പദ്ധതി. രാമ സേതുവിനെ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാൻ മോദി മടിക്കുന്നത് ഇതുകൊണ്ടാണ്. അദാനിയോടൊപ്പം തകരാൻ പോകുന്നത് ആരാണെന്ന് ഊഹിക്കൂവെന്നും ബി.ജെ.പിയിലെ മോദി വിരുദ്ധ ചേരിയിലെ പ്രമുഖനായ സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ പറഞ്ഞു.

അടുത്തിടെ ഏറ്റെടുത്ത കേരള തുറമുഖം രാമ സേതു മുറിച്ച് തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള കപ്പൽ ഗതാഗതത്തിനായി ബന്ധിപ്പിക്കാൻ അദാനി പദ്ധതിയിട്ടിരുന്നു. അതുകൊണ്ടാണ് രാമ സേതു പൈതൃക സ്മാരകമാക്കാൻ മോദി വിസമ്മതിക്കുന്നത്. ശ്രീരാമ ഭഗവാൻ ഇപ്പോൾ തന്‍റെ അഗ്നി ബാണം പുറത്തെടുത്തിരിക്കുന്നു. ഇനി ആരൊക്കെ തകരുമെന്ന് ഊഹിക്കുക? -സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു.

അമേരിക്കൻ സ്ഥാപനമായ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പ് സാമ്പത്തിക തട്ടിപ്പ് നടത്തുന്നെന്ന് പഠന റിപ്പോർട്ട് പുറത്തുവിട്ടതോടെയാണ് തിരിച്ചടി തുടങ്ങിയത്. അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ വില വൻതോതിൽ ഇടിയാൻ തുടങ്ങുകയായിരുന്നു. ഇന്ന് കേന്ദ്ര ബജറ്റ് ദിനത്തിലും ഗൗതം അദാനി ഓഹരി വിപണിയിൽ തിരിച്ചടിയാണ് നേരിട്ടത്. ഫോളോ ഓൺ പബ്ലിക് ഓഫറിന് പിന്നാലെയുള്ള വ്യാപാരദിനത്തിലും അദാനിക്ക് പിടിച്ചുനിൽക്കാനായില്ല.

അദാനി എന്റർപ്രൈസ് 30 ശതമാനം നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്. ക്രെഡിറ്റ് സ്വീസ് അദാനി കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചു. അദാനി പോർട്സ് 19.18 ശതമാനവും, അദാനി ടോട്ടൽ ഗ്യാസ് 10 ശതമാനവും, അദാനി എനർജി 5.60 ശതമാനവും, അംബുജ സിമന്റ് 16.72 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്സ് ആൻഡ് സ്‍പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി ഇലക്ട്രിസിറ്റി എന്നിവ നൽകുന്ന ബോണ്ടുകളുടെ മൂല്യവും ക്രെഡിറ്റ് സ്വീസ് കുറച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവി ഗൗതം അദാനിക്ക് കഴിഞ്ഞ ദിവസം നഷ്ടമായിരുന്നു. ഓഹരി വിപണിയിലെ തകർച്ചയോടെ അദാനി 13ാം സ്ഥാനത്തേക്കാണ് വീണിരിക്കുന്നത്.

Tags:    
News Summary - subramanian swamy tweet against Adani Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.