സുഭാഷ് ചന്ദ്രബോസിന്‍റെ ചിതാഭസ്മം; സർക്കാർ നടപടി ആവശ്യപ്പെട്ട് കുടുംബം

കൊൽക്കത്ത: ജപ്പാനിലെ റെങ്കോജിയിൽ ബുദ്ധക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിൽ തിരികെ കൊണ്ടുവരാൻ തടസ്സങ്ങളുണ്ടെന്ന വാദം നിഷേധിച്ച് കുടുംബം. അവശിഷ്ടങ്ങൾ ഇന്ത്യക്ക് കൈമാറാൻ ക്ഷേത്രം എല്ലായ്‌പ്പോഴും സന്നദ്ധരായിരുന്നെന്നും നേതാജിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

നേതാജിയുടെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കാനുള്ള മാർഗമെന്ന നിലയിൽ ചിതാഭസ്മം തിരികെ കൊണ്ടുവരണമെന്നും ഡി.എൻ.എ പരിശോധന നടത്തണമെന്നും പണ്ടുമുതലേ ഉള്ള ആവശ്യമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാജിയുടെ ചിതാഭസ്മം ജപ്പാനിൽ സൂക്ഷിക്കുന്നത് തെറ്റാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചിതാഭസ്മം എത്തിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ, അദ്ദേഹം സ്ഥാനമൊഴിഞ്ഞതിനുശേഷം നടപടിയുണ്ടായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ ജപ്പാനിലെത്തിയിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും റെങ്കോജി ക്ഷേത്രം സന്ദർശിച്ചില്ലെന്നും നേതാജി കുടുംബാംഗം സൂര്യ ബോസ് പറഞ്ഞു.

1945 ആഗസ്റ്റ് 18ലെ ജാപ്പനീസ് വിമാനാപകടത്തിൽ ഗുരുതര പൊള്ളലേറ്റതിനെത്തുടർന്ന് നേതാജി ആശുപത്രിയിൽ മരിച്ചെന്ന് ദേശീയ, അന്തർദേശീയ തലത്തിലുള്ള ഒന്നിലധികം അന്വേഷണങ്ങൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, വിരമിച്ച സുപ്രീംകോടതി ജഡ്ജി മനോജ് കുമാർ മുഖർജിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനുശേഷം 2005ൽ സമർപ്പിച്ച റിപ്പോർട്ട് ഇതിനോട് വിയോജിച്ചു. നേതാജി അപകടത്തിൽ മരിച്ചിട്ടില്ലെന്നും ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്‍റേതല്ലെന്നുമായിരുന്നു നിഗമനം. ഇന്ത്യൻ സർക്കാർ ഇതു തള്ളിക്കളഞ്ഞിരുന്നു.

Tags:    
News Summary - Subhash Chandra Bose's ashes; Family demands government action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.