യുക്രെയ്നിൽ നിന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം അനുവദിക്കില്ല -കേന്ദ്രസർക്കാർ
ന്യൂഡൽഹി: യുദ്ധം മൂലം യുക്രെയ്നിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായ മെഡിക്കൽ വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാക്കുന്നതിന് ഇന്ത്യൻ കോളജുകളിൽ അവസരം നൽകാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഭാവി അവതാളത്തിലായ ആയിരക്കണക്കായ മെഡിക്കൽ വിദ്യാർഥികളെ കൈയൊഴിയരുതെന്നും ഒറ്റത്തവണയെന്ന നിലയിൽ തുടർപഠനത്തിന് അവസരം നൽകണമെന്നുമുള്ള മുറവിളികൾക്ക് നേരെയാണ് കേന്ദ്രസർക്കാർ മുഖം തിരിച്ചത്.
നാലു കാരണങ്ങളാണ് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചത്. ഒന്ന്, വിദേശ സർവകലാശാലകളിൽ പഠിക്കുന്നവർക്ക് കോഴ്സിന്റെ ബാക്കി ഇന്ത്യയിൽ പൂർത്തിയാക്കാൻ ദേശീയ മെഡിക്കൽ കമീഷൻ നിയമം അനുവദിക്കുന്നില്ല. രണ്ട്, അത്തരമൊരു ഇളവ് ഇന്ത്യയിലെ എം.ബി.ബി.എസ് നിലവാരത്തെ ദോഷകരമായി ബാധിക്കും. മൂന്ന്, നീറ്റ് പരീക്ഷ എഴുതി നേടാൻ കഴിയാതെ പോയവരെ ഇടക്കു വെച്ച് കോഴ്സിൽ ചേർത്താൽ, അവസരം കിട്ടാതെ പോയവർ കോടതി കയറിയെന്നു വരാം. നാല്, സ്വകാര്യ കോളജുകളിലെ ഫീസ് ഘടന അവർക്ക് താങ്ങാൻ കഴിഞ്ഞെന്നും വരില്ല.
ഇന്ത്യയിൽ തുടർപഠനാവസരം ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിലപാട് അറിയിച്ചത്. 'അക്കാദമിക് മൊബിലിറ്റി പ്രോഗ്രാ'മിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ തുടർ പഠനം നടത്താമെന്ന് അറിയിച്ച് ദേശീയ മെഡിക്കൽ കമീഷൻ സെപ്റ്റംബർ ആറിന് നോട്ടിസ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
2022-23 അധ്യയന വർഷത്തെ ആദ്യ സെമസ്റ്ററിലേക്ക് അക്കാദമിക് മൊബിലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി യുക്രെയ്നിലെ സ്ഥാപനങ്ങളിൽ തങ്ങൾ അപേക്ഷ നൽകിയെങ്കിലും അനുമതി നിഷേധിക്കുകയാണുണ്ടായതെന്ന വിദ്യാർഥികളുടെ വാദം ബാലിശവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും കേന്ദ്രം വ്യക്തമാക്കി.ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ച് വിദ്യാർഥികളുടെ ഹരജി വെള്ളിയാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.