11 രൂപയുടെ ഇൻഫ്യൂഷൻ സെറ്റിന് ഈടാക്കുന്നത് 325; മഹാരാഷ്ട്രയിൽ ചികിത്സ ഉപകരണങ്ങൾക്ക് കൊള്ളലാഭം
മുംബൈ: ആശുപത്രികളിൽ ചികിത്സ ഉപകരണങ്ങളുടെ പേരിൽ രോഗികളെ പിഴിയുന്നതായി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) കമ്മീഷൻ. ചില മെഡിക്കൽ ഉപകരണങ്ങൾക്ക് വ്യാപാരവിലയേക്കാൾ നൂറ് ശതമാനം അധികമാണ് അവയുടെ എം.ആർ.പിയെന്നും മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) കമ്മീഷണർ തുകാറാം മുണ്ടെ പറഞ്ഞു.
മഹാരാഷ്ട്രയിലെ ആശുപത്രികളിൽ ഉപയോഗിക്കുന്ന മെഡിക്കൽ കൺസ്യൂമബിൾ ഉൽപന്നങ്ങളുടെ വില സംബന്ധിച്ച് നടത്തിയ പരിശോധനയിലെ വിവരങ്ങളാണ് മുണ്ടെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ആശുപത്രികൾക്ക് ഉൽപന്നങ്ങൾ ലഭിക്കുന്ന വ്യാപാരവിലയും പാക്കറ്റിൽ അച്ചടിച്ചിരിക്കുന്ന എം.ആർ.പിയും തമ്മിൽ വലിയ വ്യത്യാസമുള്ളതായി പരിശോധനയിൽ കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
പരിശോധനയിൽ 11.05 രൂപയായിരുന്നു ഒരു ഐ.വി. ഇൻഫ്യൂഷൻ സെറ്റിന്റെ വ്യാപാരവില. എന്നാൽ അതിൽ രേഖപ്പെടുത്തിയ എം.ആർ.പി 325 രൂപയാണ്. അതായത് ആശുപത്രി വാങ്ങുന്ന വിലയേക്കാൾ 2,841 ശതമാനം അധികം. 6.75 രൂപക്ക് വാങ്ങിയ സിറിഞ്ചിന്റെ എം.ആർ.പി 57.20 രൂപയും 29.41 രൂപക്ക് വാങ്ങിയ കത്തീറ്ററിന്റെ എം.ആർ.പി 310 രൂപയുമായിരുന്നു.
ചികിത്സയുടെ ഭാഗമായി ഉപയോഗിക്കേണ്ട ഇത്തരം ഉൽപന്നങ്ങളുടെ വില താരതമ്യം ചെയ്യാനോ പകരം മറ്റൊന്ന് തെരഞ്ഞെടുക്കാനോ രോഗികൾക്ക് പലപ്പോഴും കഴിയില്ലെന്നും അദ്ദാഹം ചൂണ്ടിക്കാട്ടി. അതിനാൽ തങ്ങൾക്കായി ഉപയോഗിക്കുന്ന മെഡിക്കൽ ഉൽപന്നത്തിന്റെ യഥാർഥ വില എത്രയാണെന്ന് അറിയാനും രോഗികൾക്ക് സാധിക്കാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിർമാതാക്കളും വിതരണക്കാരും ഉൾപ്പെടുന്ന വിതരണശൃംഖലയിൽ നിശ്ചയിക്കുന്ന എം.ആർ.പി ആശുപത്രികൾക്ക് ഉൽപന്നം ലഭിക്കുന്ന വ്യാപാരവിലയിൽനിന്ന് വലിയ തോതിൽ വ്യത്യാസപ്പെടുന്ന സാഹചര്യമുണ്ടെന്നും മുണ്ടെ പറഞ്ഞു. ഇത്തരത്തിൽ വ്യാപാരവിലയും എം.ആർ.പിയും തമ്മിലുള്ള വ്യത്യാസത്തിന് വ്യക്തമായ വിശദീകരണമില്ലാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡ്രഗ്സ് (പ്രൈസസ് കൺട്രോൾ) ഓർഡർ, 2013 പ്രകാരം പട്ടികയിലുള്ള മരുന്നുകൾക്ക് വിലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം മെഡിക്കൽ ഉപകരണങ്ങൾക്കും കൺസ്യൂമബിൾ ഉൽപന്നങ്ങൾക്കും സമാനമായ വിലനിയന്ത്രണമില്ലെന്നും മുണ്ടെ വ്യക്തമാക്കി. ഇതുമൂലം ഇത്തരം ഉൽപന്നങ്ങളുടെ വിലനിർണയത്തിലും രോഗികൾക്ക് ലഭിക്കുന്ന വിലവിവരങ്ങളിലും ആവശ്യമായ നിരീക്ഷണമില്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരവിലയും പ്രഖ്യാപിച്ച എം.ആർ.പിയും തമ്മിൽ അനുവദിക്കാവുന്ന വ്യത്യാസം സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം കൊണ്ടുവരണമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസ്യൂട്ടിക്കൽസിനോടും നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയോടും (എൻ.പി.പി.എ) ശുപാർശ ചെയ്തതായി മുണ്ടെ അറിയിച്ചു. വിലയിലെ അന്തരം കുറക്കുന്നതിനൊപ്പം ഉൽപന്നങ്ങളുടെ വില സംബന്ധിച്ച് രോഗികൾക്ക് കൂടുതൽ വ്യക്തത നൽകാനും ഇത്തരം നടപടി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.