ഝാർഖണ്ഡിൽ ഉദ്യോഗാർഥി പ്രതിഷേധം; വിവാദ പരീക്ഷകൾ റദ്ദാക്കി, നിരാഹാരം അവസാനിപ്പിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ റിക്രൂട്ട്മെന്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള ഉദ്യോഗാർഥി പ്രക്ഷോഭത്തിന് മുന്നിൽ കീഴടങ്ങി സംസ്ഥാന സർക്കാർ. വിവാദ ജെ.എസ്.എസ്.സി സി.ജി.എൽ പരീക്ഷകളും നിയമനങ്ങളും റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചു. 2014 മുതൽ സ്വകാര്യ ഏജൻസിയായ ടി.എസ്.ആർ ഡേറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ നിയമന പരീക്ഷകളും റദ്ദാക്കുമെന്നും അവയിലെ ക്രമക്കേടുകൾ അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു. സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് അന്വേഷണം നടത്തുക. ഇതോടെ വിദ്യാർഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

14ാം ജെ.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയും ചില ബാക്ക്‌ലോഗ് പരീക്ഷകളും റദ്ദാക്കുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഭാവിയിലെ നിയമന പരീക്ഷകളുടെ നടത്തിപ്പ് കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്നതിനായി പരിഷ്കരണ സമിതിയും രൂപീകരിക്കും. സർക്കാർ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചെങ്കിലും സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഉദ്യോഗാർഥികൾ. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പ്രതിഷേധക്കാരിൽ ഒരു വിഭാഗം അറിയിച്ചു. സംസ്ഥാന ഏജൻസിയുടെ അന്വേഷണം മാത്രം മതിയാകില്ലെന്നും പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച് സ്വതന്ത്രമായ കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.

പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാവ് ദേവേന്ദ്രനാഥ് മഹാതോ 16 ദിവസം നീണ്ട നിരാഹാര സമരം സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് അവസാനിപ്പിച്ചു. എന്നാൽ സമഗ്രമായ അന്വേഷണം, പരീക്ഷാ സംവിധാനത്തിലെ പരിഷ്കാരം തുടങ്ങിയ ആവശ്യങ്ങൾ വേണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

വിദ്യാർഥികളുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രഖ്യാപിച്ചു. നിയമന പരീക്ഷകളുടെ വിശ്വാസ്യത പുനഃസ്ഥാപിക്കുന്നതിനായി പുതിയ പരിഷ്കരണ സമിതി രൂപീകരിക്കുമെന്ന് ഹേമന്ത് സോറൻ സർക്കാർ അറിയിച്ചു. പരീക്ഷാ പരിഷ്കരണത്തിന് മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ അമിതാഭ് കൗശൽ അധ്യക്ഷനായി സമിതിയെയും പ്രഖ്യാപിച്ചു. ഭാവിയിൽ ചോദ്യപേപ്പർ സുരക്ഷ, പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയം തുടങ്ങിയവയിൽ കൂടുതൽ കർശനമായ സംവിധാനങ്ങൾ കൊണ്ടുവരാനാണ് നീക്കം. വിദ്യാർഥികളെ നേരിൽക്കണ്ട് പ്രശ്നപരിഹാരം കാണണമെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഹേമന്ത് സോറനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Tags:    
News Summary - Students End Hunger Strike After Jharkhand Cancels Exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.