അഭിലാഷ് തന്‍വി
`പരീക്ഷാ ഹാളിൽ ഒന്നര മണിക്കൂർ ഞാന്‍ കരഞ്ഞു, ഇത് അവർക്ക് വേണ്ടി എഴുതിയത്'; നേപ്പാൾ പ്രളയത്തിൽ മാതാപിതാക്കളെ കാണാതായ വിഷമത്തിലും നീറ്റ് പരീക്ഷ എഴുതി വിദ്യാർഥിനി
ന്യൂഡൽഹി: അഡ്മിറ്റ് കാർഡിലുള്ള ഫോട്ടോ കണ്ടപ്പോഴാണ് തന്‍വിക്ക് അക്കാര്യം ഓർമ വന്നത്. ഈ ഫോട്ടോ എടുത്തത് എന്‍റെ അച്ഛനായിരുന്നല്ലോ... കണ്ണുനീരോടെ അച്ഛന്‍റെ ആഗ്രഹം നിറവേറ്റുമ്പോൾ ഓർമകൾ വീണ്ടും തന്‍വിയെ തളർത്തി. നേപ്പാൾ പ്രളയത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനിടയിലും നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥിനി അഭിലാഷ് തന്‍വി ഇപ്പോൾ സമൂഹമാധ്യമത്തിൽ ഏവരുടെയും കരളലിയിക്കുന്ന കാഴ്ചയാണ്. നെഞ്ച് പൊട്ടുമ്പോഴും അച്ഛന്‍റെ ആഗ്രഹത്തെ കൈവിടാതെയാണ് തന്‍വി പരീക്ഷ എഴുതിയത്.
കൈലാസ് യാത്ര പുറപ്പെട്ട തന്‍വിയുടെ മാതാപിതാക്കൾ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായിരുന്നു. ഇതുവരെ മാതാപിതാക്കളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 30ന് നടന്ന നീറ്റ് യു.ജി മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കിടെ ഒന്നര മണിക്കൂറും താൻ കരയുകയായിരുന്നുവെന്ന് തൻവി പറഞ്ഞു. അച്ഛൻ പരീക്ഷ എഴുതണമെന്ന് ആഗ്രഹിച്ചിരുന്നതിനാലാണ് പരീക്ഷ എഴുതിയതെന്നും വിദ്യാർഥിനി വ്യക്തമാക്കി.
തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വേദനയോടെ തൻവി ഇക്കാര്യം പങ്കുവെച്ചത്. പരീക്ഷയെഴുതിയതിന് പിന്നാലെ മഷി പതിപ്പിച്ച വിരലിന്റെ ചിത്രവും വികാരനിർഭരമായ കുറിപ്പും അവർ പങ്കുവെച്ചു. `മൂന്ന് മണിക്കൂർ നീണ്ട പരീക്ഷയിൽ ഒന്നര മണിക്കൂറും ഞാൻ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു' തന്‍വി പറയുന്നു. കണ്ണുനീർ കാരണം ചോദ്യങ്ങൾ പോലും വ്യക്തമായി തനിക്ക് വായിക്കാൻ കഴിഞ്ഞില്ലെന്നും പരീക്ഷയ്ക്കിടെ അച്ഛനെക്കുറിച്ചുള്ള ഓർമകൾ നിരന്തരം മനസ്സിലേക്ക് വന്നുവെന്നും തന്‍വി അറിയിച്ചു. ഇത് മാനസികമായി ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.
തന്‍വിയുടെ മാതാപിതാക്കളായ വെങ്കട്ട് രാം അന്നമദേവരയും അനഘ അന്നമദേവരയും 67 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് കൈലാസ് യാത്ര പോയത്. യാത്രാസംഘത്തിലുള്ള ആരുമായും യാത്രയുടെ സംഘാടകരുമായും കുടുംബത്തിന് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് തൻവി നേരത്തെ അറിയിച്ചിരുന്നു. നേപ്പാളിലെ ഇമിഗ്രേഷൻ സെന്ററിനും ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജിനും സമീപമാണ് സംഘം അവസാനമായി ഉണ്ടായിരുന്നതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.