ആംബുലൻസിന് വഴിയില്ല; ആദിവാസി യുവതിയെ 11 കി.മീ കട്ടിലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു

അമരാവതി: ആംബുലൻസ് എത്താൻ കഴിയാത്തതിനെ തുടർന്ന് രോഗബാധിതയായ ആദിവാസി യുവതിയെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത് 11 കിലോമീറ്ററോളം കട്ടിലിൽ ചുമന്നുകൊണ്ടുപോയി. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ കൊയ്യുരു മണ്ഡലത്തിലാണ് സംഭവം. റോഡ് സൗകര്യങ്ങളുടെ അഭാവം കാരണം അടിയന്തര ചികിത്സ പോലും ലഭ്യമാകാത്ത ദുരവസ്ഥയാണ് സംഭവത്തിലൂടെ പുറത്തുവരുന്നത്.

ഞായറാഴ്ച ആരോഗ്യനില വഷളായ കൊറാബു പത്മ എന്ന യുവതിക്കാണ് ഈ ദുരിതം നേരിടേണ്ടിവന്നത്. ഗ്രാമത്തിലേക്ക് വാഹനമെത്താൻ കഴിയാത്തതിനാൽ മറിപ്പകാളുവിൽ നിന്ന് പാലകജീഡിയിലേക്ക് പത്മയെ കട്ടിലിൽ ചുമന്നുകൊണ്ടുപോയി. ഏകദേശം 11 കിലോമീറ്റർ പിന്നിട്ട ശേഷം അവിടെനിന്ന് ആംബുലൻസിൽ വൈ രാമവാരം ഏരിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മറിപ്പകാളുവിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥയാണ് വാഹനങ്ങൾ എത്തുന്നതിന് പ്രധാന തടസ്സമെന്ന് നാട്ടുകാർ പറഞ്ഞു. കല്ലുകളും കുഴികളും ചെളിനിറഞ്ഞ ഭാഗങ്ങളും കുത്തനെയുള്ള വളവുകളും നിരപ്പില്ലാത്തതുമാണ് പാത. മഴക്കാലത്ത് സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അവർ പറഞ്ഞു.

റോഡ് പ്രശ്നം പതിറ്റാണ്ടുകളായി തുടരുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. ഗ്രാമത്തിലേക്ക് ഗതാഗതയോഗ്യമായ ടാർ റോഡ് നിർമിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം. ഉപമുഖ്യമന്ത്രി പവൻ കല്യാണിനോടും സംസ്ഥാന സർക്കാരിനോടും വിഷയത്തിൽ ഉടൻ ഇടപെടണമെന്നും നാട്ടുകാർ അഭ്യർഥിച്ചു.

അതേസമയം ആദിവാസി മേഖലകളിലെ ആരോഗ്യ, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കിവരികയാണ്. 2027ഓടെ എല്ലാ ആദിവാസി കുടുംബങ്ങൾക്കും സുരക്ഷിതമായ കുടിവെള്ളവും വീടും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ അറിയിച്ചിരുന്നു.

രോഗികളെ കട്ടിലിൽ ചുമന്നുകൊണ്ടുപോകേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി ഫീഡർ ആംബുലൻസുകൾ, 108 അടിയന്തര സേവനം, 104 മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ എന്നിവ സജ്ജമാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ‘അഡവി തള്ളി ബാട്ട’ പദ്ധതിക്ക് കീഴിൽ 905 കിലോമീറ്റർ റോഡ് നിർമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - Tribal Woman Carried 11km

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.