ജനാധിപത്യ ഇൻഡക്സിൽ 106-ാം റാങ്ക്; 1975-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ സ്കോറെന്ന് പി. ചിദംബരം
ന്യൂഡൽഹി: വി-ഡെമിന്റെ (V-Dem) ഇലക്ടറൽ ഡെമോക്രസി ഇൻഡക്സിൽ 179 രാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് 106-ാം സ്ഥാനത്തേക്ക് ഇടിഞ്ഞതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ പി. ചിദംബരം. രാജ്യത്തിന് 1975-നു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇൻഡക്സ് സ്കോറാണിതെന്ന് അദ്ദേഹം പറഞ്ഞു.
“ഒന്നും പറയുന്നില്ല: ഇലക്ടറൽ ഡെമോക്രസി ഇൻഡക്സിൽ 179 രാജ്യങ്ങളിൽ ഇന്ത്യ 106-ാം സ്ഥാനത്താണ്. ഇന്ത്യയ്ക്കായുള്ള വി-ഡെമിന്റെ ഡെമോക്രസി ഇൻഡക്സ് സ്കോർ 1975-നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്,” ചിദംബരം എക്സിൽ പോസ്റ്റ് ചെയ്തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ പല അവസരങ്ങളിലും വോട്ടുകവർച്ച ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. 2025-ലെ കണക്കുകൾ പ്രകാരം ഇലക്ടറൽ ഡെമോക്രസി ഇൻഡക്സിൽ വി-ഡെം ഇന്ത്യയ്ക്ക് 0.38 സ്കോറോടെ 106-ാം സ്ഥാനം നൽകി.
ദക്ഷിണ, മധ്യേഷ്യയിൽ 2 ശതമാനം ആളുകൾ മാത്രമാണ് തിരഞ്ഞെടുപ്പ് ജനാധിപത്യം ആസ്വദിക്കുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. കസാക്കിസ്ഥാൻ, പാകിസ്ഥാൻ എന്നിവയ്‌ക്കൊപ്പം ഇന്ത്യയെയും തിരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യ വിഭാഗത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകമെമ്പാടും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെയും സ്വേച്ഛാധിപത്യ പ്രവണതകളുടെ വർദ്ധനവിനെയും കുറിച്ചാണ് വി-ഡെം റിപ്പോർട്ട് പ്രധാനമായും ഊന്നിപ്പറയുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, സംഘടനകളുടെ പ്രവർത്തനം, പൗരന്മാരുടെ അവകാശങ്ങൾ തുടങ്ങിയ ഒട്ടനവധി ഘടകങ്ങൾ വിലയിരുത്തിയാണ് ഈ റാങ്കിംഗ് തയ്യാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.