പഞ്ചാബിലെ ജയിലുകളിൽ 44% തടവുകാരും ലഹരിക്ക് അടിമകൾ; ഹൈകോടതിയിൽ ഞെട്ടിക്കുന്ന കണക്കുകൾ നിരത്തി സംസ്ഥാന സർക്കാർ
ചണ്ഡീഗഡ്: പഞ്ചാബിലെ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ 44 ശതമാനം ആളുകളും കടുത്ത ലഹരി ഉപയോഗത്തിന് അടിമകളാണെന്ന് സംസ്ഥാന സർക്കാർ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ അറിയിച്ചു. ജയിലുകൾക്കുള്ളിലെ മയക്കുമരുന്ന് വ്യാപനവും തടവുകാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെയാണ് സർക്കാർ ഈ ഞെട്ടിക്കുന്ന ഔദ്യോഗിക കണക്കുകൾ കോടതിക്ക് മുന്നിൽ സമർപ്പിച്ചത്.
സംസ്ഥാനത്തെ ജയിലുകളിലെ ലഹരി ആസക്തി ഗുരുതരമായ സാമൂഹിക-ആരോഗ്യ പ്രശ്നമായി മാറിയെന്ന് വ്യക്തമാക്കിയ ഹൈകോടതി, വിഷയം ആഴ്ചതോറും പ്രത്യേകമായി പരിഗണിക്കുമെന്ന് വ്യക്തമാക്കി. തടവുകാർക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമുള്ള സമഗ്രമായ കർമപദ്ധതി തയ്യാറാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജയിലുകൾക്കുള്ളിൽ ശക്തമായ ഡി-അഡിക്ഷൻ സെന്ററുകൾ, കൗൺസിലിംഗ് സംവിധാനങ്ങൾ, ഔട്ട്പേഷ്യന്റ് ഒപിയോയിഡ് അസിസ്റ്റഡ് ട്രീറ്റ്‌മെന്റ് എന്നിവ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ കോടതിയുടെ കർശന നിരീക്ഷണത്തിലായിരിക്കും.
ജയിലുകൾക്കകത്തേക്ക് ലഹരിവസ്തുക്കൾ എത്തുന്ന വഴികൾ അടയ്ക്കുന്നതിനും സുരക്ഷാ സംവിധാനങ്ങൾ കർശനമാക്കുന്നതിനും സ്വീകരിച്ച നടപടികളെക്കുറിച്ചും കോടതി സർക്കാരിനോട് ആരാഞ്ഞു. ലഹരി കേസുകളിൽപ്പെട്ട് ജയിലിലെത്തുന്നവർക്ക് പുറമെ മറ്റ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് എത്തുന്നവരിലും ലഹരി ആസക്തി വർദ്ധിച്ചുവരുന്നത് തടവറകളുടെ സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.