വൈക്കോ, വിജയ്

'പ്രധാനമന്ത്രി പദം വിജയ് ചിന്തിച്ചിട്ടുപോലുമില്ല'; അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കാൻ ടിവികെ മന്ത്രിമാരോട് വൈക്കോ

തിരുനെൽവേലി: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി പദവി ലക്ഷ്യമിടുന്നില്ലെന്നും, പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി മാത്രമാണ് മുന്നിലുള്ള ചോയ്‌സ് എന്നും എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോ. വിജയ് പ്രധാനമന്ത്രിയാകുമെന്ന തരത്തിലുള്ള പ്രസ്താവനകളിൽ നിന്ന് ടിവികെ മന്ത്രിമാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുനെൽവേലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വൈക്കോ മുന്നണിയിലെ നേതൃസ്ഥാനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കിയത്. 

പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയെ നയിക്കുന്നത് കോൺഗ്രസ് പാർട്ടിയായതിനാൽ രാഹുൽ ഗാന്ധി മാത്രമേ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ളൂവെന്ന് വൈക്കോ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിനെക്കുറിച്ച് വിജയ് ചിന്തിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അഴിമതിരഹിത ഭരണമാണ് കാഴ്ചവെക്കുന്നതെന്നും സർക്കാർ ഓഫീസുകളിൽ ജനങ്ങൾക്ക് കൈക്കൂലി കൊടുക്കേണ്ടി വരുന്നില്ലെന്നും വൈക്കോ പ്രശംസിച്ചു. എന്നാൽ മുൻ സർക്കാരുകളുടെ കാലത്തെ ചില അഴിമതിക്കാരായ മുതിർന്ന ഉദ്യോഗസ്ഥർ പുതിയ സർക്കാരുമായി സഹകരിക്കുന്നില്ലെന്നും അവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ടിവികെ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്ന് മന്ത്രി രാജേഷ് കുമാർ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് സഖ്യത്തിൽ ഈ വിഷയം ചർച്ചയായത്. ഇതിന് പിന്നാലെ തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോർ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വിജയിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത പ്രധാനമന്ത്രി ആരാകണമെന്ന സമീപകാല അഭിപ്രായ സർവേകളിൽ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിന്നാലെ വിജയ് മൂന്നാം സ്ഥാനത്ത് എത്തിയതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Tags:    
News Summary - 'Vijay Not in PM Race, Rahul Gandhi Only Choice': MDMK General Secretary Vaiko Clarifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.