പൊളിച്ചുനീക്കൽ നടപടിയിൽ വീട് നഷ്ടപ്പെട്ടവർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകുമോ? ഹരജി തള്ളി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ഒഴിപ്പിക്കൽ നടപടികൾ മൂലം വീട് നഷ്ടപ്പെട്ടവരെയും ഭവനരഹിതരെയും വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ നിന്ന് ഒഴിവാക്കുമെന്ന ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഡൽഹി ഹൈകോടതി. ദേശീയ തലസ്ഥാനത്ത് നിലവിൽ നടക്കുന്ന പ്രത്യേക വോട്ടർപട്ടിക പുതുക്കലിൽ (എസ്.ഐ.ആർ) ഭവനരഹിതരായ പൗരന്മാർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകാതിരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്. 

കയ്യേറ്റമൊഴിപ്പിക്കൽ മൂലം കിടപ്പാടം നഷ്ടപ്പെട്ടവർക്ക് സ്ഥിരമായ വിലാസം ഇല്ലാത്തതിനാൽ വീടുകൾ തോറും കയറിയിറങ്ങി നടത്തുന്ന സർവേ വഴി ഇവർ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നായിരുന്നു ഹരജിക്കാരനായ ഇന്ദു പ്രകാശ് സിംഗിന്റെ പ്രധാന വാദം. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ കരട് വോട്ടർപട്ടികയിൽ ഭവനരഹിതർ ഒഴിവാക്കപ്പെട്ടു എന്ന് സ്ഥാപിക്കുന്ന വ്യക്തമായ തെളിവുകളോ പ്രത്യേക വ്യക്തികളുടെ വിവരങ്ങളോ ഹരജിക്കാരന് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 

ഭവനരഹിതരുടെയും കുടിയിറക്കപ്പെട്ടവരുടെയും പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, അത്തരം ആളുകളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബി.എൽ.ഒ) കൃത്യമായ മാർഗനിർദേശങ്ങളും എസ്ഒപിയും നിലവിലുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. എല്ലാ നയപരമായ കാര്യങ്ങളിലും കോടതികൾക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും, ഏതെങ്കിലും അർഹരായ വ്യക്തികൾ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ കൃത്യമായ വിവരങ്ങളോടെ അധികാരികളെയാണ് സമീപിക്കേണ്ടതെന്നും വ്യക്തമാക്കിയാണ് ഹൈകോടതി ഹരജി തീർപ്പാക്കിയത്.

Tags:    
News Summary - No Basis to Say Homeless Will Be Excluded from SIR: Delhi HC Rejects PIL on Displaced Persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.