ഗുജറാത്തിൽ ത്രികോണ മത്സരം

ന്യൂഡൽഹി: പതിറ്റാണ്ടുകളായി ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന ഗുജറാത്ത് ഇത്തവണ ത്രികോണ മത്സരത്തിൽ. ബി.ജെ.പിയോടുള്ള പോരാട്ടത്തിൽ കോൺഗ്രസിനേക്കാൾ വീറും വാശിയുമായി ആം ആദ്മി പാർട്ടി പടക്കളത്തിൽ ഇറങ്ങിയതോടെയാണ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ചിത്രം മാറിയത്. ഗുജറാത്തിൽ ആപ് മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചത് ബി.ജെ.പിക്കൊപ്പം കോൺഗ്രസിനും വെല്ലുവിളിയാണ്.

നരേന്ദ്ര മോദിയുടെ തട്ടകത്തിൽ അരയും തലയും മുറുക്കിയിറങ്ങി സമ്മതിദായകർക്ക് ബി.ജെ.പിയും കോൺഗ്രസുമല്ലാതെ മൂന്നാമതൊരു സാധ്യത തുറന്നു കൊടുക്കുന്ന അരവിന്ദ് കെജ്രിവാളിന്‍റെ പാർട്ടി ചെലുത്തുന്ന സ്വാധീനം എത്രയായിരിക്കുമെന്നത് ഈ തെരഞ്ഞെടുപ്പിൽ ഏറെ പ്രധാനം. ബി.ജെ.പിയെപ്പോലെ, വൻകിട പ്രചാരണത്തിലാണ് ആപും. ഡൽഹി മോഡൽ ജനക്ഷേമ പരിപാടികൾ നടപ്പാക്കുമെന്നും വികസന ബദൽ കൊണ്ടുവരുമെന്നുമാണ് വാഗ്ദാനം. പ്രതിമാസം 300 യൂനിറ്റ് വൈദ്യുതി സൗജന്യം, സർക്കാർ സ്കൂളുകളിൽ സൗജന്യ വിദ്യാഭ്യാസം, സ്ത്രീകൾക്ക് 1,000 രൂപ അലവൻസ്, പുതിയ അഭിഭാഷകർക്ക് പ്രതിമാസ സ്റ്റൈപ്പന്‍റ് എന്നിവ വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.

കെജ്രിവാളിനു പുറമെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരും പ്രചാരണത്തിന് പലവട്ടം ഗുജറാത്തിലെത്തി. ബി.ജെ.പിക്കും മറ്റു പാർട്ടികൾക്കും മുമ്പേ ആപ് പ്രചാരണം തുടങ്ങിയിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിലും മറ്റു പാർട്ടികളെ പിന്നിലാക്കി. എല്ലാ സീറ്റിലും മത്സരിക്കാൻ ഉദ്ദേശിക്കുന്ന ആപ് 73 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലല്ല, ബി.ജെ.പിയുടെ താര പ്രചാരകൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. മോദിയും കേന്ദ്രമന്ത്രിമാരും ഇതിനകം പലവട്ടം ഗുജറാത്തിലെത്തി. തുടർച്ചയായി ആറു വട്ടം ഗുജറാത്തിൽ ഭരണം പിടിച്ച ബി.ജെ.പിക്ക് മോദി-അമിത് ഷാമാരുടെ സ്വന്തം തട്ടകത്തിൽ ഭരണം നിലനിർത്തേണ്ടത് അഭിമാനപ്രശ്നം. തൂക്കുപാലം തകർന്ന് 135 പേർ മരിച്ച സംഭവം തെരഞ്ഞെടുപ്പു ചർച്ചയുടെ ഗതിതന്നെ മാറ്റിയിട്ടുണ്ട്. എന്നാൽ ഹിന്ദുത്വം തന്നെയാണ് ബി.ജെ.പിയുടെ അജണ്ട. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ പാർട്ടി ഭരിക്കേണ്ടത് വികസനത്തിൽ പ്രധാനമെന്ന ഓർമപ്പെടുത്തലും ഒപ്പമുണ്ട്. തെരഞ്ഞെടുപ്പുകാല സൗജന്യങ്ങൾ, ക്ഷേമ പദ്ധതികൾ തുടങ്ങിയ വാഗ്ദാനങ്ങൾ പുറമെ. 15,670 കോടി രൂപയുടെ പദ്ധതികൾക്കാണ് മോദി കഴിഞ്ഞ ദിവസങ്ങളിൽ തറക്കല്ലിട്ടത്.

27 വർഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിക്കാൻ കൊതിക്കുന്നതിനപ്പുറം, അസാധാരണ നിശ്ശബ്ദതയാണ് കോൺഗ്രസിന്‍റേത്. കാഴ്ചവെക്കുന്നത് തണുപ്പൻ പ്രകടനം. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി ഗുജറാത്തിൽ പ്രചാരണത്തിന് എത്തുമെന്ന സൂചന ഇതുവരെയില്ല. അയൽ സംസ്ഥാനമായ രാജസ്ഥാനിലെ ഭരണ നേട്ടങ്ങൾ, മോദിസർക്കാർ സമ്മാനിച്ച തൊഴിലില്ലായ്മ പെരുപ്പം, അസമാധാനം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണ് കോൺഗ്രസ് ഉയർത്തുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എത്തിയതൊഴിച്ചാൽ, ദേശീയ നേതൃനിരയിൽനിന്ന് ആരുടെയും കാര്യമായ സാന്നിധ്യം ഗുജറാത്തിൽ ഇല്ല. കോൺഗ്രസ് സ്ഥാനാർഥിനിർണയ സമിതിയുടെ ചുമതല രമേശ് ചെന്നിത്തലക്കാണ്.

ത്രികോണ മത്സരത്തിനിടെ അസദുദ്ദീൻ ഉവൈസി നയിക്കുന്ന എ.ഐ.എം.ഐ.എം ഏതാനും ന്യൂനപക്ഷ സ്വാധീന മണ്ഡലങ്ങളിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. 182 അംഗ നിയമസഭയിൽ ബി.ജെ.പി കഴിഞ്ഞ തവണ നേടിയത് 111 സീറ്റാണ്. കോൺഗ്രസിന് 62. എൻ.സിപി-ഒന്ന്, ബി.ടി.പി-രണ്ട്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് ഇപ്പോൾ കക്ഷി നില. മൂന്നു കോൺഗ്രസ് എം.എൽ.എമാർ രാജി വെച്ചതടക്കം അഞ്ചു സീറ്റ് ഒഴിഞ്ഞു കിടന്നു.

ചിത്രം മാറ്റുമോ ആപ്​?

സാധ്യതകൾ-

മധ്യവർഗ വോട്ടർമാരിലും

താഴെക്കിടക്കാരിലും സ്വാധീനം

വേറിട്ട പാർട്ടിയെന്നും

ബദലെന്നുമുള്ള കാഴ്ചപ്പാട്

സൗജന്യ പ്രഖ്യാപനങ്ങളിൽ

വോട്ടർക്കുള്ള പ്രതീക്ഷ

വോട്ടറെ നേരിട്ടു ബാധിക്കുന്ന

വിഷയങ്ങൾ ഉയർത്താനുള്ള കഴിവ്

മാറി പരീക്ഷിക്കാനുള്ള

വോട്ടറുടെ താൽപര്യം

ഏതാനും സീറ്റു പിടിച്ചാൽ പോലും

ഭാവിയിലേക്ക് നേട്ടം.

ദൗർബല്യങ്ങൾ

പോ​രാ​ട്ടം ഹി​ന്ദു​ത്വ ഹൃ​ദ​യ​ഭൂ​മി​യി​ൽ

മോ​ദി​യു​ടെ സ്വീ​കാ​ര്യ​ത;

അ​മി​ത്​ ഷാ​യു​ടെ ത​ന്ത്ര​ങ്ങ​ൾ

ജ​ന​പി​ന്തു​ണ​യു​ള്ള

സം​സ്ഥാ​ന നേ​താ​വി​ല്ല

താ​ഴെ​ത്ത​ട്ടി​ൽ പാ​ർ​ട്ടി

സം​വി​ധാ​ന​മി​ല്ല

ഗു​ജ​റാ​ത്ത്​ രാ​ഷ്ട്രീ​യ​ത്തി​ൽ

കൈ​ത്ത​ഴ​ക്കം പോ​രാ

കൃ​ത്യ​മാ​യ വോ​ട്ടു ബാ​ങ്കി​ല്ല. 

Tags:    
News Summary - Strong competition in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.