ന്യൂഡൽഹിയിൽ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കാനെത്തിയ വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറൈഷി, കമ്മഡോർ രഘു ആർ നായർ
ഓപറേഷൻ സിന്ദൂറും അതിനുശേഷം പൂഞ്ച് മേഖലയിലടക്കം പാക് സൈന്യം നടത്തിയ ഷെല്ലാക്രമണങ്ങളുമെല്ലാം യുദ്ധസമാന സാഹചര്യങ്ങളിലേക്ക് നീങ്ങിയപ്പോൾതന്നെ, യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളും വൻശക്തി രാഷ്ട്രങ്ങളുമെല്ലാം നയതന്ത്ര ചർച്ചയിലൂടെയുള്ള പ്രശ്ന പരിഹാരമാണ് ഇരു രാജ്യങ്ങളോടും നിർദേശിച്ചത്.
പാകിസ്താന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപറേഷൻസ് (ഡി.ജി.എം.ഒ) ഇന്ത്യയുടെ ഡി.ജി.എം.ഒയെ ശനിയാഴ്ച വൈകുന്നേരം 3.35ന് വിളിക്കുന്നതോടെയാണ് വെടിനിർത്തൽ യാഥാർഥ്യമായതെങ്കിലും സംഘർഷത്തിന്റെ ആദ്യ മണിക്കൂറുകൾ മുതലേ സമാന്തരമായി അൽപം രഹസ്യ സ്വഭാവത്തിൽത്തന്നെ നയതന്ത്ര സംഭാഷണങ്ങളും ഇന്ത്യ-പാക് പ്രതിനിധികൾ തമ്മിൽ നടത്തിയിരുന്നു. ഈ ചർച്ചകളിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ ഇടപെടലും നിർണായകമായി.
ഏപ്രിൽ 22ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണങ്ങളിൽ പലതും 1971ലെ യുദ്ധ സന്ദർഭങ്ങളെ ഓർമപ്പെടുത്തുന്നതായിരുന്നു. സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള തീരുമാനം അത്തരത്തിലൊന്നായി കണക്കാക്കാം. 1960ലാണ് ലോക ബാങ്കിന്റെ മധ്യസ്ഥതയിൽ പ്രസ്തുത കരാർ യാഥാർഥ്യമായത്. അതിനുശേഷം, പലകുറി ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയെങ്കിലും നദീജല കരാറിൽനിന്ന് പിന്മാറാൻ ഇന്ത്യ തയാറായിരുന്നില്ല. പുൽവാമ ഭീകരാക്രമണത്തിനുശേഷം അത്തരം ചില നീക്കങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും പിന്നീട് അതിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
എന്നാൽ, പഹൽഗാമിനുശേഷം ഇക്കാര്യത്തിൽ ഇന്ത്യ മാറിച്ചിന്തിച്ചത് വരാനിരിക്കുന്ന നാളുകളിൽ ഇന്ത്യ സ്വീകരിക്കാൻ പോകുന്ന ശക്തമായ ഇടപെടലുകളുടെ സൂചന തന്നെയായിരുന്നു. കഴിഞ്ഞയാഴ്ച നടത്തിയ മോക് ഡ്രില്ലുകൾക്കും സമാന സ്വഭാവമായിരുന്നു. 1971ലെ യുദ്ധ കാലത്താണ് ഇന്ത്യ മോക് ഡ്രിൽ നടത്തിയത്. ഇതും യുദ്ധത്തെ ഓർമിപ്പിച്ചു. ഓപറേഷൻ സിന്ദൂറിന്റെ ഭാഗമായി പഞ്ചാബ് പ്രവിശ്യയിൽ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ ആക്രമണങ്ങളും 1971നെ ഓർമിപ്പിച്ചു.
’71ലെ യുദ്ധശേഷം പലകുറി ഇന്ത്യയും പകിസ്താനും അതിർത്തിയിൽ വെടിവെപ്പുണ്ടായിട്ടുണ്ടെങ്കിലും ഒരിക്കൽപോലും അത് പഞ്ചാബ് പ്രവിശ്യയിലേക്ക് വ്യാപിച്ചിരുന്നില്ല. ഇന്ത്യ നൽകിയ ശക്തമായ സന്ദേശമായും അത് വിലയിരുത്തപ്പെട്ടു. മറുവശത്താകട്ടെ, പാകിസ്താൻ പൂഞ്ച് മേഖലയിൽ തുടർച്ചയായി കനത്ത ഷെല്ലാക്രമണം നടത്തുകയും ചെയ്തു.
സംഘർഷത്തിന്റെ ഈ ഘട്ടങ്ങളിലൊന്നും നയതന്ത്ര ചാനൽ അടക്കാൻ അവർ തയാറായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഓപറേഷൻ സിന്ദൂറിനുശേഷം ഇസ്ലാമാബാദിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥനെ പാക് വിദേശകാര്യ മന്ത്രാലയം വിളിപ്പിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
നയതന്ത്ര ചാനൽ തുറന്നുകിടന്നതാണ് ഇരു രാജ്യങ്ങളുമായും ബന്ധം പുലർത്തുന്ന വിവിധ രാജ്യങ്ങൾക്ക് ഇടപെടാനുള്ള അവസരം ലഭിച്ചത്. അമേരിക്ക, സൗദി അറേബ്യ, ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ ഇത് കൃത്യമായി വിനിയോഗിക്കുകയും ചെയ്തു.
അമേരിക്കയുടെ ഇടപെടലാണ് ഇതിൽ എടുത്തുപറയേണ്ടത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഫോണിൽ സംസാരിച്ചതോടെയാണ് ചർച്ചയുടെ തുടക്കം. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും റൂബിയോ ചർച്ച നടത്തി.
പിന്നീട്, ഇരു രാജ്യങ്ങളുടെയും മുതിർന്ന നേതാക്കളുമായും അദ്ദേഹം സംസാരിച്ചു. റൂബിയോയുടെ വാക്കുകൾ ഇങ്ങനെ: ‘‘കഴിഞ്ഞ 48 മണിക്കൂറിനിടെ ഞാനും വൈസ് പ്രസിഡന്റും (ജെ.ഡി. വാൻഡ്) പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദി, ശഹ്ബാസ് ശരീഫ്, വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ, പാക് സൈനിക തലവൻ അസിം മുനീർ, അജിത് ഡോവൽ തുടങ്ങിയ നേതാക്കളുമായി സംസാരിച്ചു. തുടർന്ന് ഇരു രാജ്യങ്ങളുടെയും സർക്കാറുകൾ തമ്മിൽ വെടിനിർത്തലിന് ധാരണയാവുകയും നിഷ്പക്ഷ വേദിയിൽ വിഷയങ്ങൾ സംസാരിക്കാൻ തീരുമാനിക്കുകയും ചെയ്ത വിവരം സസന്തോഷം അറിയിക്കട്ടെ. സമാധാനത്തിന്റെ പാത തിരഞ്ഞെടുത്ത ഇരു രാജ്യങ്ങളുടെയും ഭരണാധികാരികളെ അഭിനന്ദിക്കുന്നു’’. റൂബിയോ വഴി അമേരിക്ക നടത്തിയ നയതന്ത്ര ഇടപെടൽ ഇതിൽനിന്ന് വ്യക്തം.
‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപിത നിലപാടിൽനിന്ന് മാറിയാണ് ഇന്ത്യ-പാക് വിഷയത്തിൽ അവർ ഇടപെട്ടത് എന്നതും ശ്രദ്ധേയമാണ്. വിദേശ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിൽ ഇനിമുതൽ ഇടപെടേണ്ടതില്ലെന്നാണ് ട്രംപിന്റെ നയം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെകൂടി പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ നയമാണിത്.
സംഘർഷത്തിന്റെ തുടക്കത്തിൽ വെടിനിർത്തലിന് ട്രംപ് ഇന്ത്യയോടും പാകിസ്താനോടും ഉപദേശിച്ചുവെങ്കിലും, അതിൽ കാര്യമായ ഇടപെടലുണ്ടാകില്ലെന്നുതന്നെയായിരുന്നു സൂചന. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇക്കാര്യം സ്ഥിരീകരിച്ചതോടെ അമേരിക്ക ഇടപെടില്ലെന്നുതന്നെയാണ് കരുതിയത്. എന്നാൽ, ഈ നിഗമനങ്ങളെയെല്ലാം മാറ്റിനിർത്തിയാണ് ട്രംപിന്റെ ‘വെടിനിർത്തൽ പ്രഖ്യാപനം’ പുറത്തുവന്നത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പ്രത്യേകം അക്കാര്യം സ്ഥിരീകരിച്ചതോടെ നയതന്ത്ര വഴിയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു.
അമേരിക്കക്ക് സമാന്തരമായി സൗദി അറേബ്യയും ഇരുരാജ്യങ്ങളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തി. സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ എസ്.ജയ്ശങ്കറുമായും പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറുമായും നയതന്ത്ര ചർച്ച നടത്തിയതും വഴിത്തിരിവായി.
മുൻകൂട്ടി പ്രഖ്യാപിക്കാതെ ഇന്ത്യയിൽ മിന്നൽ സന്ദർശനം നടത്തിയ സൗദി വിദേശ മന്ത്രി, വിദേശ മന്ത്രി എസ്. ജയ്ശങ്കറിനെ കണ്ട് ഇസ്ലാമാബാദിലേക്കാണ് പോയത്. മൂന്നുദിവസം ഇന്ത്യയിലുണ്ടായിരുന്ന ഇറാൻ വിദേശ മന്ത്രിയും ജയ്ശങ്കറുമായി സംസാരിച്ച് പാകിസ്താനുമായും സംഭാഷണം നടത്തിയിരുന്നു. സൗദിയും ഇറാനും നടത്തിയ നയതന്ത്ര ചർച്ചകൾക്കുശേഷവും സംഘർഷം രൂക്ഷമായതോടെ അന്തർദേശീയ തലത്തിലും സമാധാന നീക്കങ്ങളും മുറുകിയിരുന്നു.
സംഭാഷണം നടത്തി സമാധാനപരമായ പരിഹാരമുണ്ടാക്കാൻ ജി-7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ എന്നിവയുടെ വിദേശ മന്ത്രിമാരും യൂറോപ്യൻ യൂനിയൻ ഉന്നത പ്രതിനിധിയും ഇരു രാജ്യങ്ങളോടും അഭ്യർഥിച്ചു. ഏപ്രിൽ 22ലെ ഭീകരാക്രമണത്തെ അപലപിച്ചതിനൊപ്പമായിരുന്നു ജി-7 രാജ്യങ്ങളുടെ അഭ്യർഥന.
സംഘർഷ ഘട്ടത്തിൽ പാകിസ്താന് ചൈനയുടെ പിന്തുണയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ, പ്രത്യക്ഷത്തിൽ ചൈന ‘നിഷ്പക്ഷ’ നിലപാട് സ്വീകരിച്ചത് പാകിസ്താനെ വെടിനിർത്തലിലേക്ക് എത്തിക്കാൻ നിർബന്ധിതരാക്കി എന്നും നിരീക്ഷണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.