ന്യൂഡൽഹി: വാഹനങ്ങളുടെ രൂപമാറ്റം (മോഡിഫിക്കേഷൻ) സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കർശന വ്യവസ്ഥകളാണ് മുന്നോട്ട് വെക്കുന്നത്. കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള രൂപമാറ്റം മാത്രമേ വാഹനങ്ങളിൽ വരുത്താൻ അനുമതിയുള്ളൂ. ഇതിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. വാഹനങ്ങളിലെ രൂപമാറ്റം സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള വർക്ക് ഷോപ്പുകളിലോ സർവീസ് സ്റ്റേഷനുകളിലോ മാത്രമാണ് നടത്തേണ്ടത്.
വാഹനത്തിന് രൂപമാറ്റം വരുത്തുന്നതിന് മുമ്പ് വാഹന ഉടമ 'ഫോം 22 സി' (Form 22 C) മുഖേന രജിസ്റ്ററിങ് അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമായും വാങ്ങിയിരിക്കണം. അനുമതിയോടെ വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളിൽ അത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർ.സി ബുക്കിൽ) രേഖപ്പെടുത്തേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.