അഭിജീത് ദീപ്‌കെ, ഗ്യാനേഷ് കുമാർ
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; സിജെപി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങൾ രാജ്യത്ത് ശക്തമാകുന്നു. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട വിവാദങ്ങളും തെരഞ്ഞെടുപ്പ് കമീഷനിലെ ആഭ്യന്തര ഭിന്നതകളും പുറത്തുവന്നതിന് പിന്നാലെയാണ് കോക്രോച്ച് ജനതാ പാർട്ടിയും പ്രതിപക്ഷ കക്ഷികളും മറ്റ് സംഘടനകളും കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നൽകിയ അന്ത്യശാസനം ഇന്ന് അവസാനിക്കും. ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന് ഭീഷണിയാണെന്നും വോട്ടവകാശം അട്ടിമറിക്കുകയാണെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആരോപിച്ചു. രാജ്യവ്യാപകമായി കോടിക്കണക്കിന് വോട്ടുകൾ അനധികൃതമായി നീക്കം ചെയ്തുവെന്നാണ് ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രധാന ആരോപണം.
ആവശ്യപ്പെട്ട സമയത്തിനുള്ളിൽ കമീഷണർ രാജി വെച്ചില്ലെങ്കിൽ ഡൽഹി ജന്തർ മന്തർ മാതൃകയിൽ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും സിജെപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വോട്ടർ പട്ടിക മരവിപ്പിക്കുക, തെരഞ്ഞെടുപ്പ് കമീഷണറുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ട് വെക്കുന്നുണ്ട്.
ഇടതുപാർട്ടികളുടെ പ്രതിഷേധം ഇന്ന്
തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾക്കെതിരെ ഇടതുപാർട്ടികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ ഇന്ന് നടക്കും. വോട്ടർ പട്ടികയിൽ വ്യാപകമായി പേരുകൾ വെട്ടിമാറ്റിയതിലൂടെ ജനാധിപത്യ സംവിധാനം അട്ടിമറിക്കപ്പെടുന്നുവെന്നാണ് ഇടതുപക്ഷത്തിന്റെ പ്രധാന ആരോപണം. കേരളത്തിലെ സിപിഎം അടക്കമുള്ള കക്ഷികൾ കമീഷന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്തുണ്ട്.
തെരഞ്ഞെടുപ്പ് കമീഷനുള്ളിൽ തന്നെ എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് ഭിന്നതകൾ നിലനിന്നിരുന്നു. മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്‌ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ പലതവണ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളെ എതിർത്ത് വിയോജനക്കുറിപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും സ്ഥാപനങ്ങളിലെ തീരുമാനമെടുക്കൽ പ്രക്രിയയുടെ ഭാഗം മാത്രമാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.