സ്ത്രീകളോടുള്ള മോശം പെരുമാറ്റം; നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള പുരുഷ ഉദ്യോഗാർത്ഥികളെ വിലക്കി ബംഗളൂരു സി.ഇ.ഒ

ബംഗളൂരു: ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പുരുഷ ഉദ്യോഗാർത്ഥികളെ ഇനി കമ്പനിയിൽ നിയമിക്കില്ലെന്ന് പ്രഖ്യാപിച്ച ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകന്റെ പ്രസ്താവന. എവൺ സ്പോർട്സ് വേൾഡ് സ്ഥാപകനും സി.ഇ.ഒയുമായ കാർത്തിക് എസ്‌ജി ആണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഈ വിവാദ തീരുമാനം പങ്കുവെച്ചത്. ഈ സംസ്ഥാനങ്ങളിലുള്ളവർ സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്ന് പറഞ്ഞാണ് കമ്പനി സി.ഇ.ഒ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

ദീർഘകാലത്തെ ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കമ്പനിയുടെ സുരക്ഷ മുൻനിർത്തിയാണ് ഇതെന്നും കാർത്തിക് അവകാശപ്പെട്ടു. സെപ്റ്റംബർ 22-നാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്. ലിംഗാടിസ്ഥാനത്തിലും സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലുമുള്ള ഈ വിവേചനപരമായ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

മുൻ ജീവനക്കാരനിൽ നിന്നുണ്ടായ മോശം അനുഭവമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് കാരണമെന്ന് കാർത്തിക് വ്യക്തമാക്കുന്നു. മികച്ച യോഗ്യതകളോടെയും ക്ലിയർ ആയ പശ്ചാത്തല പരിശോധനയോടെയുമാണ് എംബിഎ ബിരുദധാരിയായ ജീവനക്കാരനെ നിയമിച്ചത്. എന്നാൽ രണ്ട് മാസത്തിനുള്ളിൽ ഇയാൾ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറാൻ തുടങ്ങിയെന്നും ഒരു വനിതാ സഹപ്രവർത്തകയോട് മോശമായി പെരുമാറാൻ ശ്രമിച്ചെന്നും കാർത്തിക് ആരോപിക്കുന്നു.

കമ്പനി കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ ജീവനക്കാരുടെയും കുട്ടികളുടെയും സുരക്ഷക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഒരു വ്യക്തി ചെയ്ത തെറ്റിന്റെ പേരിൽ നാല് സംസ്ഥാനങ്ങളിലെ മുഴുവൻ പുരുഷന്മാരെയും കുറ്റക്കാരായി കാണുന്നതിനെതിരെയാണ് കടുത്ത എതിർപ്പ് ഉയർന്നിരിക്കുന്നത്. എന്നാൽ, ഇനിയും ഇത്തരത്തിലുള്ള തീരുമാനവുമായി കൂടുതൽ കമ്പനികൾ മുന്നോട്ടുവരണമെന്നും പറയുന്നവരുണ്ട്. തൊഴിലിടങ്ങളിലെ സുരക്ഷയെയും പ്രാദേശിക പക്ഷപാതമില്ലാത്ത നിയമന രീതികളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.

Tags:    
News Summary - bangalore company ceo ban people from 4 states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.