എസ്ഐആറിൽ വിഐപികൾക്ക് പരിഗണന; തെരഞ്ഞെടുപ്പ് കമീഷനെതിരെ കോൺഗ്രസ്
ന്യൂഡൽഹി: വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (എസ്.ഐ.ആർ) വോട്ടർമാരെ ‘വി.ഐ.പി’ എന്നും അല്ലാത്തവരെന്നും തരംതിരിക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ നടപടിയിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ്.
ബൂത്ത് ലെവൽ ഓഫിസർമാർക്കായി പുറത്തിറക്കിയ ബി.എൽ.ഒ ആപ്പിൽ ‘മാർക്ക് വി.ഐ.പി’ എന്ന പുതിയ ഫീച്ചർ ഉൾപ്പെടുത്തിയത് വോട്ടർമാരോടുള്ള വിവേചനമാണെന്നും ഭരണഘടനാ തത്ത്വങ്ങളുടെ ലംഘനമാണെന്നും എ.ഐ.സി.സി മീഡിയ വിഭാഗം ചെയർമാനും രാജ്യസഭാ എം.പിയുമായ പവൻ ഖേര പറഞ്ഞു. സാധാരണക്കാരായ വോട്ടർമാരെയും വി.ഐ.പി വോട്ടർമാരെയും രണ്ട് തട്ടിലാക്കുന്ന ഈ സംവിധാനത്തിന് ആരാണ് തെരഞ്ഞെടുപ്പ് കമീഷന് അധികാരം നൽകിയതെന്നും എ.ഐ.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.
ആദ്യം വോട്ടർമാരെ ഒഴിവാക്കലായിരുന്നു, ഇപ്പോൾ അവരെ തരംതിരിക്കലാണെന്നും പവൻ ഖേര കുറ്റപ്പെടുത്തി. ‘മാർക്ക് വി.ഐ.പി’യായി രേഖപ്പെടുത്തുന്ന വോട്ടർമാർക്ക് എന്യൂമറേഷൻ ഫോമുകൾ സമർപ്പിച്ചില്ലെങ്കിലും കരട് വോട്ടർ പട്ടികയിൽ നേരിട്ട് ഇടംപിടിക്കാം. തർക്കങ്ങളോ എതിർപ്പുകളോ വന്നാൽ വ്യക്തിപരമായി ഹിയറിങ് കേന്ദ്രങ്ങളിൽ ഹാജരാകേണ്ടതില്ല. എന്നാൽ, സാധാരണക്കാരായ വോട്ടർമാർ നോട്ടീസുകൾക്കും രേഖകൾ നൽകുന്നതിനുമായി ഹിയറിങ് കേന്ദ്രങ്ങൾ കയറിയിറങ്ങേണ്ട അവസ്ഥയിലാണെന്ന് പവൻ ഖേര ചൂണ്ടിക്കാട്ടി.
മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, റോ മേധാവി, മുൻ സൈനിക മേധാവി തുടങ്ങിയ പ്രമുഖർക്ക് നോട്ടീസ് അയച്ചിരുന്ന സംഭവം വിവാദമായതിന് പിന്നാലെയാണോ ഇത്തരമൊരു സംവിധാനം ആപ്പിൽ ഉൾപ്പെടുത്തിയത് എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിലും ഭരണഘടനയിലും ‘ഒരാൾക്ക് ഒരു വോട്ട്, ഒരു മൂല്യം’ എന്ന തുല്യതാ തത്ത്വമാണ് നിലനിൽക്കുന്നത്. ഇത്തരത്തിൽ വി.ഐ.പി വോട്ടർമാരെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന മാർഗരേഖ പൂർണമായും പരസ്യപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ജെൻസിക്ക് രാജീവ് ഗാന്ധി നൽകിയ വോട്ടവകാശം മോദി ഇല്ലാതാക്കുന്നു -കോൺഗ്രസ്
ന്യൂഡൽഹി: 18 വയസ്സ് തികഞ്ഞ യുവാക്കൾക്ക് വോട്ടവകാശം നൽകി അവരെ ശാക്തീകരിച്ച ഒരു പ്രധാനമന്ത്രിയും, അത് കുതന്ത്രങ്ങളിലൂടെ തട്ടിയെടുക്കാൻ ശ്രമിക്കുന്ന മറ്റൊരു പ്രധാനമന്ത്രിയും തമ്മിലുള്ള വ്യത്യാസമാണ് രാജ്യം ഇപ്പോൾ കാണുന്നതെന്ന് കോൺഗ്രസ്. പുതിയ വോട്ടർമാരെ ചേർക്കാൻ എല്ലാ വർഷവും നടത്താറുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ സമ്മറി റിവിഷൻ (എസ്.എസ്.ആർ) 2024 മുതൽ നടന്നിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തുവന്നത്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1988ൽ ഭരണഘടന ഭേദഗതി ചെയ്ത് വോട്ടെടുപ്പ് പ്രായം 21ൽ നിന്ന് 18 ആക്കി യുവാക്കളെ ശാക്തീകരിച്ചപ്പോൾ, ഇപ്പോഴത്തെ പ്രധാനമന്ത്രി അത് കുതന്ത്രങ്ങളിലൂടെ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് ജയ്റാം രമേശ് എക്സിൽ കുറിച്ചു. യുവാക്കളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും തകർത്ത പ്രധാനമന്ത്രി മോദിക്ക് അവരെ ഭയമാണ്.
തങ്ങൾക്കെതിരെ തെരുവിലിറങ്ങുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ജെൻസി വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഇല്ലെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നിയോഗിച്ചിരിക്കുകയാണ്. ഇതിനായി വർഷം തോറും വോട്ടർ പട്ടിക പരിഷ്കരിക്കുന്ന വാർഷിക സംക്ഷിപ്ത പുതുക്കൽ നടപടികൾ മരവിപ്പിച്ചു.
വാർഷിക പുതുക്കൽ പുനരാരംഭിക്കാൻ മറ്റ് രണ്ട് ഇലക്ഷൻ കമീഷണർമാരും ശക്തമായി ആവശ്യപ്പെട്ടിട്ടും, മോദിയോടുള്ള യുവാക്കളുടെ നിരാശ വ്യക്തമായതിനുശേഷം രണ്ടുവർഷമായി ഒരു നടപടിയും ഉണ്ടായില്ലെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.