ബി.ജെ.പിയെ പരുങ്ങലിലാക്കി ഭിന്നത എൻ.ഡി.എയിലേക്ക്; ഗ്യാനേഷ് കുമാറിനോട് വിശദീകരണം തേടി ടി.ഡി.പിയും എൽ.ജെ.പിയും ആർ.എൽ.എമ്മും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ രോഷം രാജ്യമൊട്ടുക്കും കത്തിപ്പടരുന്നതിനിടെ അദ്ദേഹത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് മൂന്ന് എൻ.ഡി.എ ഘടകകക്ഷികൾ രംഗത്തുവന്നു. ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടി(ടി.ഡി.പി)യും ബിഹാറിലെ ലോക് ജൻശക്തി പാർട്ടി(എൽ.ജെ.പി)യും രാഷ്ട്രീയ ലോക് മോർച്ച(ആർ.എൽ.എം)യുമാണ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ഉന്നയിച്ച പ്രശ്നങ്ങൾക്ക് മറുപടി നൽകണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്തസമ്മേളനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഗ്യാനേഷ് കുമാറിനൊപ്പം രാജ്യദ്രോഹികളെന്ന് വിളിച്ചിട്ടും കാബിനറ്റ് മന്ത്രിമാർ അടക്കമുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും മുതിർന്ന നേതാക്കളാരും രംഗത്തുവന്നിട്ടില്ല. ഇത് ബി.ജെ.പി എത്തിപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഇതിനിടയിലാണ് സഖ്യകക്ഷികളും വിശദീകരണം തേടുന്നത്.

പ്രതിപക്ഷ നേതാക്കളോട് പ്രതികരിച്ചില്ലെങ്കിലും തങ്ങൾക്കിടയിലെ ഭിന്നത സംബന്ധിച്ച് ജനങ്ങൾക്ക് മുമ്പാകെ നിലപാട് വ്യക്തമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കഴിയേണ്ടതുണ്ടെന്ന് എൽ.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പസ്വാൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനത്തിന് വിശ്വാസം നഷ്ടമായാൽ അത് ജനാധിപത്യത്തിന് നന്നായിരിക്കില്ലെന്നും കുറേക്കൂടി ശക്തമായി കമീഷൻ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നാണ് താൻ പറയുന്നതെന്നും ചിരാഗ് തുടർന്നു.

വിവാദം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും യഥാർഥത്തിൽ എന്തുണ്ടായെന്ന് പറയാൻ കമീഷൻ തയാറാകണമെന്നും രാഷ്ട്രീയ ലോക് മോർച്ച നേതാവ് ഉപേന്ദ്ര കുഷ്വാഹ ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ ഏറെ നിർണായകമായ ഉത്തരവാദിത്തമുള്ള ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷനെന്ന് തെലുഗുദേശം പാർട്ടി നേതാവ് ലവു ശ്രീകൃഷ്ണ ദേവരായലു ചൂണ്ടിക്കാട്ടി.

അതേസമയം, തന്നിഷ്ടപ്രകാരം വോട്ടുവെട്ടിയും ചേർത്തും തെരഞ്ഞെടുപ്പ് കമീഷനിൽ കൈവിട്ട കളികളിച്ച ഗ്യാനേഷ് കുമാറിനെതിരായ രോഷം തെരുവിലേക്ക് കത്തിപ്പടർന്നു. ഗ്യാനേഷിന്റെ രാജിക്കായി രാജ്യമൊട്ടുക്കും ആയിരക്കണക്കിന് പ്രവർത്തകരെ കോൺഗ്രസ് തെരുവിലേക്കിറക്കിയപ്പോൾ രാജ്യ തലസ്ഥാനത്ത് കോൺഗ്രസിന് പുറമെ ഇടതുപക്ഷ പാർട്ടികളും പൗരസമൂഹ പ്രതിനിധികളും ഗ്യാനേഷിന്റെ രാജിക്കായി തെരുവിലിറങ്ങി. തന്റെ രാജി ആവശ്യപ്പെട്ട് പ്ര തിപക്ഷം തെരുവിലിറങ്ങിയതിന് പിന്നാലെ യു.പിയിലെ രണ്ട് പൊതുപരിപാടികൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ മാറ്റിവെച്ചു.

ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവെച്ചില്ലെങ്കിൽ ‘രണ്ടാം ജന്തർ മന്തർ’ സൃഷ്ടിച്ച് രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി അന്ത്യ ശാസനം നൽകിയിരുന്നുവെങ്കിലും കോൺഗ്രസ് ഡൽഹി അടക്കം ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധവുമായി പ്രവർത്തകരെ തെരുവിലിറക്കി വെള്ളിയാഴ്ച തന്നെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് തുടക്കമിടുകയായിരുന്നു. ഡൽഹിയിൽ ജന്തർ മന്തറിൽനിന്ന് കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചതിനുപുറമെ ജമ്മു-കശ്മീർ, ബിഹാർ, അസം, പഞ്ചാബ്, അരുണാചൽ പ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഗ്യാനേഷിന്റെ രാജിക്കായി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി.

ധർമേന്ദ്ര പ്രധാന്റെ രാജിക്കായി സി.ജെ.പിക്കൊപ്പം ജന്തർ മന്തറിൽ സമരത്തിലുണ്ടായിരുന്ന ഇടതു വിദ്യാർഥി സംഘടനയായ ഐസയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടത്തിയ മാർച്ചിൽ അഭിജീത് ദിപ്കെക്കൊപ്പം ഉപവാസമിരുന്ന നേഹ ബോറക്ക് പുറമെ യോഗേന്ദ്ര യാദവ്, മഹുവ മൊയ്ത്ര, ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവരുമുണ്ടായിരുന്നു. എല്ലാവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. പ്രതിഷേധക്കാരെ ഭയന്ന് ജന്തർ മന്തറിലേക്കുള്ള വഴികളെല്ലാം വൻ പൊലീസ് സന്നാഹത്തിലാക്കി. വന്നവരെയെല്ലാം കസ്റ്റഡിയിലെടുത്ത് നീക്കംചെയ്തു.

Tags:    
News Summary - Chirag Paswan asks CEC Gyanesh Kumar to clear air over ‘dissent’ within EC on SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.