മേധ രൂപം, ഗ്യാനേഷ് കുമാർ
ഗ്യാനേഷ് കുമാറിന്റെ പ്രോസിക്യൂഷന് സുപ്രീംകോടതിയിൽ ഹരജി; മകൾക്ക് പ്രത്യേക പരിഗണന നൽകിയതിൽ വിവാദം
ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയിലെ കൃത്യനിർവഹണത്തിൽ നിയമലംഘനം നടന്നെന്ന ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി.
രണ്ട് കമീഷണർമാരുമായി സമവായമില്ലാതെ ഗ്യാനേഷ് കുമാർ എടുത്ത തീരുമാനങ്ങളും പുറപ്പെടുവിച്ച മാർഗനിദേശങ്ങളും സോഫ്റ്റ്വെയറുകളിൽ വരുത്തിയ പരിഷ്കാരങ്ങളും ഭരണഘടനാവിരുദ്ധവും അസാധുവുമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മാനി ത്രിപാഠിയാണ് ഹരജി ഫയൽ ചെയ്തത്.
എസ്.ഐ.ആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം, ഒറിജിനൽ ഫോം ആറ് പുനഃസ്ഥാപിക്കുകയും വേണം. എസ്.ഐ.ആർ വേളയിൽ 13 കോടിയോളം വോട്ടർമാർ ഒഴിവാക്കപ്പെട്ടെന്ന ആരോപണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെടുന്നു.
ഗ്യാനേഷ് കുമാറിന്റെ മകൾക്ക് പ്രത്യേക പരിഗണന; സുപ്രീംകോടതിയിൽ വിവാദം കത്തുന്നു
ന്യൂഡൽഹി: നോയിഡ തൊഴിലാളി സമരത്തിന് പിന്തുണ നൽകിയ നിയമ വിദ്യാർഥിയെ ദേശ സുരക്ഷാ നിയമം ചുമത്തി തടങ്കലിൽ വെച്ചതുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈകോടതി വിധിക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ മകളും ഗൗതം ബുദ്ധനഗർ ജില്ല കലക്ടറുമായ മേധ രൂപം നൽകിയ ഹരജിക്ക് സുപ്രീംകോടതിയിൽ പ്രത്യേക പരിഗണന ലഭിച്ചതിൽ വിവാദം കത്തുന്നു.
സുപ്രീംകോടതി റോസ്റ്റർ മറികടന്ന് കേസ് പരിഗണനക്കുവന്ന ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയുടെ മകൻ മധ്യപ്രദേശ് ഹൈകോടതിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ സ്റ്റാൻഡിങ് കോൺസലാണെന്ന വിവരം പുറത്തുവന്നതോടെ വിവാദത്തിന് പുതിയ മാനം വന്നിരിക്കുകയാണ്.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും ഇലക്ഷൻ കമീഷണർമാരെയും നിയമിക്കുന്നതിനുള്ള 2023ലെ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിച്ച ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ദീപാങ്കർ ദത്ത, കേസിൽ ഉടൻ തീരുമാനമെടുക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടും, വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന സർക്കാറിന്റെ ആവശ്യത്തിനൊപ്പമായിരുന്നു ജസ്റ്റിസ് ശർമ.
ഇതോടെ, കേസ് മാറ്റിവെക്കപ്പെടുകയും അന്തിമവിധി വൈകുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. അതേദിവസം തന്നെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ മകൾക്കെതിരെ അലഹബാദ് ഹൈകോടതി നടത്തിയ വിമർശനങ്ങളും നഷ്ടപരിഹാരം അവരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കണമെന്ന ഉത്തരവും ചോദ്യം ചെയ്തുള്ള ഹരജി പരിഗണിച്ച ജസ്റ്റിസ് ശർമ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു.
മേധാ രൂപത്തിന്റെ ഹരജി ജസ്റ്റിസ് ശർമയുടെ ബെഞ്ചിന് മുന്നിൽ വന്ന നടപടിക്രമങ്ങളും വിവാദമായിരുന്നു. സുപ്രീംകോടതി റോസ്റ്റർ പ്രകാരം മുൻകരുതൽ തടങ്കൽ കേസുകൾ കൈകാര്യം ചെയ്യുന്നത് ജസ്റ്റിസ് നാഗരത്നയുടെ നേതൃത്വത്തിലുള്ള മറ്റൊരു ബെഞ്ചാണ്. റോസ്റ്റർ ലംഘിച്ചാണ് കേസ് ജസ്റ്റിസ് ശർമയുടെ ബെഞ്ചിലേക്ക് എത്തിയത്. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് ശർമയുടെ മകനും തെരഞ്ഞെടുപ്പ് കമീഷനും തമ്മിലുള്ള ബന്ധം പുറത്തുവരുന്നത്.
സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി അഭിഭാഷകരുടെ സംഘടനയായ ‘ലോയേഴ്സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റ്യൂഷൻ’ ചീഫ് ജസ്റ്റിസിന് വീണ്ടും കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.