ഷോർട്സ് ധരിച്ചതിന് എട്ട് വയസുകാരിയടക്കമുള്ള വിനോദ സഞ്ചാരികൾക്ക് ‘സദാചാര പൊലീസ്’ മർദനം; പുണെയിൽ ഒമ്പത് പേർക്കെതിരെ കേസ്

പുണെ: മഹാരാഷ്ട്രയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സിംഹഗഢ് കോട്ടയിൽ വസ്ത്രധാരണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വിനോദസഞ്ചാരികൾക്ക് മർദനമേറ്റതായി പരാതി. എട്ട് വയസുകാരിയായ പെൺകുട്ടി ഷോർട്സ് ധരിച്ചതിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് തർക്കമുണ്ടായത്. സംഭവത്തിൽ ഒമ്പത് പേർക്കെതിരെ ഹവേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ആഗസ്റ്റ് 16നാണ് സംഭവം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച അവധി ദിനത്തിൽ സിംഹഗഢ് കോട്ടയിൽ വലിയ തിരക്കുണ്ടായിരുന്നു. ഇതിനിടെയാണ് ഒരു കുടുംബത്തെ ഒരു സംഘം ആളുകൾ തടഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. എട്ട് വയസുകാരി ഷോർട്സ് ധരിച്ചതിനെ സംഘം ചോദ്യം ചെയ്തതോടെയാണ് വാക്കുതർക്കം ആരംഭിച്ചത്. തുടർന്ന് സംഘം കുടുംബത്തിലെ ഒരാളെ മർദിച്ചതായി പൊലീസ് പറഞ്ഞു. മറ്റ് വിനോദസഞ്ചാരികളെയും സംഘം വസ്ത്രധാരണത്തിന്റെ പേരിൽ ചോദ്യം ചെയ്തതായി പരാതിയുണ്ട്.

സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരോടും സംഘം മോശമായി പെരുമാറിയെന്നും മർദിച്ചെന്നും പരാതിയിൽ പറയുന്നു. ഏകദേശം രണ്ട് മണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നതായാണ് പൊലീസ് റിപ്പോർട്ട്.

ആക്രമണം നടത്തിയവർ തങ്ങൾ ‘ഫോർട്ട് കൺസർവേഷൻ സൊസൈറ്റി’യിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പരാതികൾ ലഭിച്ചതിന് പിന്നാലെ ഹവേലി പൊലീസ് ഒമ്പത് പേർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുകയും സാക്ഷികളുടെ മൊഴികൾ ശേഖരിക്കുകയും ചെയ്യുന്ന നടപടികൾ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. കൂടാതെ ആക്രമണത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - Pune Fort Tourists 8YearOld Girl Allegedly Thrashed Over Shorts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.