‘സ്റ്റേഡിയം ഉൾക്കൊള്ളുന്നത് പരമാവധി 35,000 പേരെ, എത്തിയത് മൂന്ന് ലക്ഷത്തോളം പേർ’; ധനസഹായം പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബംഗളൂരു: ഐ.പി.എൽ ജേതാക്കളായ ആർ.സി.ബിയുടെ വിക്ടറി പരേഡിന് പ്രതീക്ഷിച്ചതിന്‍റെ പലമടങ്ങ് ആളുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് എത്തിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 35,000 പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിലേക്ക് രണ്ടോ മൂന്നോ ലക്ഷം പേരെത്തി. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി, തിക്കിലും തിരക്കിലും മരിച്ച 11 പേരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ചു. ദുരന്തത്തിന്‍റെ ദുഃഖം വിജയത്തിന്‍റെ സന്തോഷം മായ്ച്ചു കളഞ്ഞെന്നും അദ്ദഹം പറഞ്ഞു.

“എല്ലാ പ്രതീക്ഷയും മറികടക്കുന്നയത്ര ആളുകളാണ് വിജയാഘോഷത്തിന് എത്തിയത്. വിധാൻ സൗദക്ക് മുന്നിൽ ഒരുലക്ഷത്തോളം പേർ കൂടിയെങ്കിലും എന്തെങ്കിലും അസ്വാഭാവിക സംഭവങ്ങളുണ്ടായില്ല. എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ദുരന്തമുണ്ടായി. ക്രിക്കറ്റ് അസോസിയേഷനോ സർക്കാറോ ആരും തന്നെ പ്രതീക്ഷിച്ചിതല്ല ഇത്.

35,000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപാസിറ്റി. എന്നാൽ രണ്ടോ മൂന്നോ ലക്ഷംപേർ അവിടെയെത്തി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന ആളുകളേ എത്തൂ എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ” -മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടം ഹൃദയഭേദകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് താനെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും മോദി കുറിച്ചു.

18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കന്നി ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമിന് വലിയ സ്വീകരണ പരിപാടിയാണ് ബംഗളൂരു നഗരത്തിൽ ഒരുക്കിയത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിൽ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു. ഇതിനിടെ സൗജന്യ പാസ്സിനായി ആളുകൾ തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണമായത്.

Tags:    
News Summary - "Stadium Capacity 35,000 But 2-3 lakh Turned Up": Siddaramaiah On RCB Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.