ശ്രീലങ്കയും സാർക് ഉച്ചകോടിയിൽ നിന്ന് പിന്മാറി

കൊളംബോ: ഇന്ത്യ അടക്കം നാല് രാജ്യങ്ങൾക്ക് പിന്നാലെ ശ്രീലങ്കയും പാകിസ്താനിലെ ഇസ്​ലാമാബാദിൽ നടക്കുന്ന സാർക് ഉച്ചകോടിയിൽ നിന്ന് പിന്മാറി. ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള അറിയിപ്പ് അധ്യക്ഷ രാഷ്​ട്രമായ നേപ്പാളിന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കൈമാറി. മേഖലയിലെ സ്ഥിതിഗതികൾ ഉച്ചകോടി ചേരുന്നതിനുള്ള സാഹചര്യമല്ലെന്നാണ് ശ്രീലങ്ക അറിയിപ്പിൽ വ്യക്തമാക്കുന്നത്. ഉച്ചകോടി സംബന്ധിച്ച്​ മറ്റ്​ അംഗങ്ങളായ മാലദ്വീപ്​, നേപ്പാൾ എന്നീ രാഷ്​ട്രങ്ങൾ അന്തിമ തീരുമാനം എടുത്തിട്ടില്ല.

മേഖലയിലെ സഹകരണത്തിന് സമാധാനവും സുരക്ഷയും പ്രധാനമാണെന്നും ഇതിലൂടെ മാത്രമെ സൗത്ത് ഏഷ്യയിലെ ജനങ്ങൾക്ക് ഗുണം ലഭിക്കൂവെന്നും ലങ്ക ചൂണ്ടിക്കാട്ടുന്നു. സ്ഥാപക അംഗമെന്ന നിലയിൽ മേഖലയിലെ സഹകരണത്തിന് ശ്രീലങ്ക പ്രതിജ്ഞാബദ്ധമാണ്. ആവശ്യമായ നടപടികളിലൂടെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാമെന്നാണ് വിശ്വാസം. എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെയും അപലപിക്കുന്നു. മേഖലയിലെ ഭീകരവാദത്തെ നേരിടേണ്ടത് അത്യാവശ്യമാണെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

പാകിസ്താൻ നിന്നുള്ള തീവ്രവാദികൾ ഉറി സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഇസ് ലാമബാദിലെ സാർക്​ ഉച്ചകോടിയിൽ പ​െങ്കടുക്കേണ്ടെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യയുടെ പിന്മാറ്റത്തിന്​ തൊട്ടുപിറകെ അഫ്​ഗാനിസ്ഥാൻ, ബംഗ്ലാദേശ്​, ഭൂട്ടാൻ എന്നീ രാജ്യങ്ങളും​ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു​. നവംബര്‍ 9, 10 തീയതികളിൽ 19മത് സാര്‍ക് ഉച്ചകോടി നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എട്ട്​ അംഗ രാജ്യങ്ങളുള്ള സാർക്​ ഉച്ചകോടിയിൽ നിന്നും ഒരു രാജ്യം കൂടി പിന്മാറിയാൽ നവംബറിൽ സമ്മേളനം നടക്കില്ല.

Tags:    
News Summary - Sri Lanka Saarc summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.