റഷ്യയുടെ സ്​പുട്​നിക്​ വാക്​സിൻ​ ഇന്ത്യയിൽ ഉപാധികളോടെ ഉപയോഗിക്കാമെന്ന്​ ശിപാർശ

ന്യൂഡൽഹി: റഷ്യയുടെ സ്​പുട്​നിക്​ 5 വാക്​സിൻ​ ഇന്ത്യയിൽ ഉപാധികളോടെ ഉപയോഗിക്കാമെന്ന്​ വിദഗ്​ധ സമിതിയുടെ ശിപാർശ. കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ക്ഷാമം മൂലം കേരളമടക്കമുള്ള സംസ്​ഥാനങ്ങൾ കൂടുതൽ വാക്​സിൻ ആവശ്യപ്പെട്ട്​ തുടങ്ങിയതിന്‍റെ പശ്​ചാത്തലത്തിലുമാണിത്​.

സെന്‍ട്രല്‍ ഡ്രഗ്​സ്​ സ്റ്റാന്‍ഡേർഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ (സി.ഡി.എസ്.സി.ഒ.) സബ്​ജക്​ട്​ എക്‌സ്പെര്‍ട്ട് കമ്മിറ്റിയാണ് (എസ്.ഇ.സി) സ്​പുട്‌നിക്കിന്‍റെ അടിയന്തര ഉപയോഗത്തിനു നിയന്ത്രണങ്ങളോടെ അനുമതി നല്‍കാമെന്ന ശിപാർശ മുന്നോട്ടുവെച്ചത്​. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) അനുമതി ലഭിച്ചാല്‍ സ്പുട്നിക് 5 വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്യും.

റഷ്യയി​ലെ ഗാമലേയ റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ വികസിപ്പിച്ച സ്​പുട്​നിക്​ 5 ലോകത്തിലെ ആദ്യ കോവിഡ്​ വാക്​സിൻ ആണ്​. 2020 ആഗസ്റ്റ്​ 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത വാക്​സിന്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ മികച്ച പ്രതികരണമാണ്​ ലഭിച്ചിരിക്കുന്നത്​. 91.6 ശതമാനം കാര്യക്ഷമത സ്പുട്‌നിക് 5 വാക്‌സിനിനുണ്ടെന്നാണ്​ കണക്കാക്കപ്പെടുന്നത്​.

അനുമതി ലഭിച്ചാൽ ഇന്ത്യയിൽ വിതരണം ചെയ്യുന്ന മൂന്നാമത്തെ വാക്​സിനായി​ സ്​പുട്​നിക്​ 5 മാറും. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ്​, ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിൻ എന്നിവയാണ്​ മറ്റുള്ളവ. ഇന്ത്യയിൽ ഡോ. റെഡ്​ഡീസാണ് സ്പുട്‌നിക് 5 നിർമിക്കുന്നത്. വാക്​സിൻ പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ്​.  

Tags:    
News Summary - Sputnik V Covid-19 vaccine gets approval for restricted use in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.