ടീസ്റ്റക്കെതിരായ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം

അഹമ്മദാബാദ്: ഗുജറാത്ത് ഭീകരവിരുദ്ധസേന (എ.ടി.എസ്) കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെതിരായ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിച്ചു. എ.ടി.എസ് ഡി.ഐ.ജി ദീപൻ ഭദ്രൻ ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് കേസ് അന്വേഷിക്കുക. ടീസ്റ്റ സെറ്റൽവാദ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, ത​ന്നെ പൊലീസ് കൈയേറ്റം ചെയ്തെന്ന ആരോപണവുമായി ടീസ്റ്റയും രംഗത്തുവന്നിരുന്നു. ടീസ്റ്റയെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി. കോവിഡ് പരിശോധന ഫലം വന്ന ശേഷമാകും ചോദ്യം ചെയ്യല്ലെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകീട്ട് മൂന്നോടെ മുംബൈയിലെ വസതിയിലെത്തിയാണ് ഗുജറാത്ത് ഭീകരവിരുദ്ധസേന ടീസ്റ്റയെ കസ്റ്റഡിയിലെടുത്ത് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെയും അഹമ്മദാബാദിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ഇരുവർക്കുമെതിരായ കുറ്റം.

ടീസ്റ്റ സെറ്റൽവാദിന്റെ അറസ്റ്റിനെതിരെ രൂക്ഷ പ്രതികരണവുമായി ആംനെസ്റ്റി ഇന്ത്യ രംഗത്തുവന്നിരുന്നു. സമൂഹത്തെ ഭയപ്പെടുത്തി വിയോജിപ്പുകളെയും ചോദ്യം ചെയ്യലുകളെയും ഒതുക്കാനുള്ള ശ്രമമാണ് ഇന്ത്യൻ ഭരണാധികാരികൾ നടത്തുന്നതെന്നായിരുന്നു ആംനെസ്റ്റി ഇന്ത്യയുടെ ട്വീറ്റ്. ടീസ്റ്റയുടെ അറസ്റ്റ് സൂമഹത്തിൽ ഭയത്തിന്റെ സന്ദേശമാണ് പ്രചരിപ്പിക്കുയെന്നും ആളുകൾ ഭയപ്പെട്ട് വിയോജിപ്പുകൾ പ്രകടിപ്പിക്കാതിരിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും ട്വീറ്റിൽ കുറ്റപ്പെടുത്തിയിരുന്നു.

Tags:    
News Summary - Special team to investigate case against Teesta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.