ന്യൂഡൽഹി: ലോക്സഭയിൽ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനും വനിതാ സംവരണ നിയമത്തിൽ ഭേദഗതി വരുത്താനും ഏപ്രിൽ 16 മുതൽ പ്രത്യേക പാർലമെന്റ് സമ്മേളനം നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്ന ഏപ്രിൽ 29ന് ശേഷം സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ അവഗണിച്ചു.ഇത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണ്. തെരഞ്ഞെടുപ്പ് കമീഷൻ ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴ്ഘടകംപോലെ പ്രവർത്തിക്കുന്നതിനാൽ ഇത്തരം നിയമലംഘനങ്ങളിൽ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.
ഏപ്രിൽ 16 മുതൽ 18 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളുമായി ആലോചിച്ച് സംയുക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എം.പിമാർ മണ്ഡലങ്ങളിൽ തിരക്കിലായിരിക്കുന്ന സമയത്താണ് പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്.
ജനാധിപത്യത്തെ തകർക്കുന്നതും ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും മോദി സർക്കാറിന്റെ ശീലമായി മാറിയെന്നും ഖാർഗെ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.