ദുരൂഹമരണങ്ങളുടെ ചുരുളഴിയുമ്പോൾ സൗജന്യക്കും നീതി ലഭിക്കുമോ ?; ആ രാത്രി ധർമ്മസ്ഥലയിൽ സംഭവിച്ചതെന്ത്...

ബംഗളൂരു: ധർമ്മസ്ഥലയെന്ന ക്ഷേത്രനഗരമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലാണ് ധർമ്മസ്ഥലയെ വാർത്തകളിൽ നിറക്കുന്നത്. ഭീഷണിക്ക് വഴങ്ങി നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ ധർമ്മസ്ഥലയുടെ വിവിധ ഭാഗങ്ങളിൽ കുഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെ ധർമ്മസ്ഥല വാർത്തകളിൽ ഇടംപിടിച്ചത്.

എന്നാൽ, ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനും വർഷങ്ങൾക്ക് മുമ്പ് തന്നെ ധർമ്മസ്ഥല​യെ പിടിച്ചുലച്ച ഒരു ബലാത്സംഗ കൊലയുണ്ടായിരുന്നു. 13 വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട സൗജന്യക്കും പുതിയ വെളിപ്പെടുത്തലിൽ നീതി ലഭിക്കുമോയെന്നാണ് അന്ന് പെൺകുട്ടിക്ക് വേണ്ടി പോരാട്ടം നടത്തിയവർ ഉറ്റുനോക്കുന്നത്.

പ്ലസ് ടു വിദ്യാർഥിയായ 17കാരി സൗജന്യ 2012ലാണ് കൊല്ലപ്പെടുന്നത്. മിഡിൽ ക്ലാസ് കുടുംബത്തിലെ അംഗമായ സൗജന്യയുടെ അമ്മ അധ്യാപികയും പിതാവ് പി.ഡബ്യു.ഡി കോൺട്രാക്ടറുമായിരുന്നു. എന്നത്തേയും പോലെ വീട്ടിൽ നിന്ന് ഇറങ്ങിയ സൗജന്യ വൈകീട്ട് ഏഴ് മണിയായിട്ടും തിരിച്ചെത്താതിനെ തുടർന്നായിരുന്നു കുടുംബാംഗങ്ങൾ അയൽക്കാരുമായി ചേർന്ന് അന്വേഷിച്ചിറങ്ങിയത്.

പൊലീസിനേയും വിവരമറിയിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ അന്ന് രാത്രിയോട് ധർമ്മസ്ഥല മഞ്ജുനാ​ഥേശ്വര യോഗ ആൻഡ് നാച്ചുറൽ ആശുപത്രിക്ക് മുമ്പിലെ കാട്ടിൽ നിന്നും സൗജന്യയുടെ മൃതദേഹം കണ്ടെത്തി. സൗജന്യയുടെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. അടിസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. പോസ്റ്റ്മാർട്ടത്തിൽ ഇവർ ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തി.

സൗജന്യയുടെ മൃതദേഹം കണ്ടെത്തി നാല് ദിവസത്തിനകം തന്നെ മഞ്ചേശ്വരനാഥ് ക്ഷേത്രത്തിലെ ജീവനക്കാർ സൗജന്യ കൊല്ലപ്പെടുന്ന ദിവസം പ്രദേശത്ത് ക​ണ്ടുവെന്ന് ആരോപിക്കുനന ഒരാളെ പിടിച്ച് പൊലീസിലേൽപ്പിച്ചു. എന്നാൽ, കൊലപാതകത്തിൽ സംശയമു​ണ്ടെന്ന് സൗജന്യയുടെ കുടുംബാംഗങ്ങൾ പറഞ്ഞവർക്ക് കൃത്യവുമായി പങ്കില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. തുടർന്ന് പ്രതിഷേധം ശക്തമായതോടെ കർണാടക സർക്കാർ കേസ് സി.ബി.ഐക്ക് കൈമാറി.

സന്തോഷിനല്ലാതെ കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നായിരുന്നു സി.ബി.ഐ കണ്ടെത്തൽ. എന്നാൽ, വിചാരണക്കൊടുവിൽ കേസിലെ ഏക പ്രതിയെ സി.ബി.ഐ കോടതി തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. ആദ്യഘട്ടത്തിൽ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന് വീഴ്ച വരുത്തിയെന്നും കോടതി നിരീക്ഷിച്ചു.

ദക്ഷിണ കന്നട ജില്ലയിലെ ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ(നമ്പർ 39/2025-) അന്വേഷണത്തിന് വിവിധ കോണുകളിൽ നിന്നുയർന്ന ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ നേരത്തെ എസ്.ഐ.ടി രൂപവത്കരിച്ചിരുന്നു. ആഭ്യന്തര സുരക്ഷാ വിഭാഗം ഡി.ജി.പി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡി.ഐ.ജി (റിക്രൂട്ട്മെന്റ്) എം.എൻ അനുചേത്, ഡി.സി.പി (സി.എ.ആർ സെൻട്രൽ) സൗമ്യ ലത, എസ്.പി (ആഭ്യന്തര സുരക്ഷാ വിഭാഗം) ജിതേന്ദ്ര കുമാർ ദയാമ എന്നിവരെയാണ് തുടക്കത്തിൽ ഉൾപ്പെടുത്തിയത്.

എസ്‌.ഐ.ടി ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ പേരെ നിയമിച്ചുകൊണ്ട് കർണാടക പൊലീസ് ഡയറക്ടർ ജനറൽ ഡോ. എം.എ. സലീം ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.

Tags:    
News Summary - Sowjanya rape-murder: Case that first sparked Dharmasthala outrage 13 years ago

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.