ന്യൂഡൽഹി: ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ സമയത്തേക്കാൾ നേരത്തെയാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് രണ്ടാം പകുതിയോടെ മൺസൂൺ ആൻഡമാൻ കടലിലേക്കും സമീപ പ്രദേശങ്ങളിലേക്കും പ്രവേശിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഇതോടെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴക്കുളള സാധ്യതയും വർധിച്ചിരിക്കുകയാണ്.
സാധാരണയായി ഇന്ത്യയിലെ തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യം ആൻഡമാൻ കടലിലേക്കാണ് പ്രവേശിക്കുന്നത്. തുടർന്ന് ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന കാറ്റിന്റെ ശക്തിയും കാലാവസ്ഥാ വ്യതിയാനങ്ങളും അനുസരിച്ച് അത് കേരള തീരത്തേക്ക് നീങ്ങും. സാധാരണ സാഹചര്യത്തിൽ ജൂൺ 1 നാണ് കേരളത്തിൽ മൺസൂൺ ഔദ്യോഗികമായി എത്താറുള്ളത്. എന്നാൽ ഇത്തവണ കാലാവസ്ഥാ ഘടകങ്ങൾ അനുകൂലമായതിനാൽ മൺസൂൺ നേരത്തെയെത്താനുള്ള സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
ദക്ഷിണ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടൽ മേഖലയിലും ഒരു ന്യൂനമർദ്ദ സാധ്യത രൂപപ്പെടുന്നുണ്ട്. ഇത് ശക്തിപ്രാപിച്ചാൽ മൺസൂൺ കാറ്റുകളുടെ സജീവത കൂടുകയും മഴ വ്യാപകമാകുകയും ചെയ്യാം. ഐ.എം.ഡിയുടെ പ്രവചനമനുസരിച്ച് മേയ് 14 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ദക്ഷിണ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലേക്ക് മൺസൂൺ മുന്നേറാൻ സാധ്യതയുണ്ട്. അതിനോടനുബന്ധിച്ച് കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായ മഴക്കും ചില സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
ഇന്ത്യയുടെ വാർഷിക മഴയിൽ ഏകദേശം 70 ശതമാനത്തിലധികവും തെക്കുപടിഞ്ഞാറൻ മൺസൂണിലൂടെയാണ് ലഭിക്കുന്നത്. കാർഷിക മേഖല, കുടിവെള്ള ലഭ്യത, ജലാശയങ്ങളുടെ നിറവ്, വൈദ്യുതി ഉത്പാദനം എന്നിവയെല്ലാം മൺസൂണിനെ ആശ്രയിച്ചാണ് മുന്നേറുന്നത്.രാജ്യത്തിന്റെ ശരാശരി സീസണൽ മഴ ഏകദേശം 880 മില്ലീമീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.