ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇവർ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ.ഡി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇ.ഡി സമർപ്പിച്ച പ്രോസിക്യൂഷൻ പരാതിയിൽ ബുധനാഴ്ച റോസ് അവന്യൂ കോടതിയിൽ വാദത്തിനിടെയാണ് ഇ.ഡി പരാമർശം.
കോൺഗ്രസിൽനിന്ന് നാഷനൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് 90.25 കോടിയുടെ വായ്പ കൈമാറിയതിലും തുടർന്ന് യങ് ഇന്ത്യക്ക് വെറും 50 ലക്ഷം രൂപക്ക് നൽകിയതിലും നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് കേസ്. ഇ.ഡി സമർപ്പിച്ച കുറ്റപത്രം പരിഗണിക്കുമ്പോഴാണ് അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോൺഗ്രസ് നേതാക്കൾ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. പട്ടികയിൽ ഉൾപ്പെടുത്തിയ കുറ്റകൃത്യത്തിൽനിന്ന് നേടിയ സ്വത്തുക്കൾ മാത്രമല്ല, ഈ വരുമാനവുമായി ബന്ധമുള്ള മറ്റു കുറ്റകൃത്യങ്ങളിൽനിന്ന് ലഭിച്ച പണവും ഇതിൽ ഉൾപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തിൽനിന്ന് ലഭിച്ച വരുമാനത്തിൽ പ്രതികൾക്ക് ലഭിച്ച 142 കോടിയുടെ വാടക വരുമാനവും ഉൾപ്പെടും. 2,000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ദുരുപയോഗം ചെയ്യാൻ ലക്ഷ്യമിട്ട ക്രിമിനൽ ഗൂഢാലോചനയാണെന്ന് നടന്നതെന്ന് ഇ.ഡി ആരോപിച്ചു.
നാഷനൽ ഹെറാൾഡ് കേസ് പരിഗണിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള പ്രാഥമിക വാദങ്ങൾക്കിടെയാണ് പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെക്ക് മുമ്പാകെ ഇ.ഡി വാദം. ദൈനംദിന വാദം കേൾക്കലിനായി കേസ് ജൂലൈ രണ്ട് മുതൽ ജൂലൈ എട്ടുവരേക്ക് മാറ്റി. 5,000 പേജിലധികം വരുന്ന രേഖകൾ ചൂണ്ടിക്കാട്ടി ജൂലൈയിൽ വാദം കേൾക്കാൻ ആവശ്യപ്പെട്ട മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഉൾപ്പെടെയുള്ള പ്രതിഭാഗം അഭിഭാഷകരുടെ അഭ്യർഥനകളെ തുടർന്നാണ് തീയതി നിശ്ചയിച്ചത്. കോൺഗ്രസ് നേതാക്കൾക്ക് പുറമെ, സാം പിത്രോഡ ഉൾപ്പെടെ ഏഴ് പ്രതികളാണുള്ളത്. അതേസമയം, പരാതിക്കാരനായ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമിക്ക് കുറ്റപത്രത്തിന്റെ പകർപ്പ് നൽകാൻ ജഡ്ജി ഇ.ഡിക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.