സോണിയ ഗാന്ധി രാജീവിനൊപ്പം

എക്സിലും സോണിയ ഗാന്ധി എത്തി; രാജീവ് ഗാന്ധിയുമായുള്ള പ്രണയകഥ പങ്കുവെച്ച് ആദ്യ പോസ്റ്റ്

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ സജീവമല്ലാതിരുന്ന സോണിയ ഗാന്ധി എക്സിലും എത്തി. ആദ്യ പോസ്റ്റിൽ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പ്രണയകഥ പങ്കുവെച്ചിരിക്കുകയാണ് സോണിയ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള ഓർമകളാണ്  വിഡിയോയിലൂടെ സോണിയ പങ്കുവെച്ചത്.

നവംബർ 10ന് പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥ 'ബിലോംഗിങ്: എ ജേർണി ഓഫ് ലവ്'ന്റെ പ്രചരണത്തിന്റെ ഭാഗമായാണ് വിഡിയോ പുറത്തുവിട്ടത്. ‘കേംബ്രിഡ്ജിലെ ഒരു ചെറിയ ഗ്രീക്ക് റെസ്റ്റോറന്റിൽ എന്റെ പ്രണയ യാത്ര ആരംഭിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് സോണിയ ആദ്യ പോസ്റ്റ് പങ്കുവെച്ചത്. ‘രാജീവും ഞാനും സ്നേഹവും ചിരിയും ഓർമ്മകളും നിറഞ്ഞ ഒരു ലോകം സൃഷ്ടിച്ചു. നവംബർ 10ന്, ഞാൻ ആ ലോകം നിങ്ങളുമായി പങ്കിടുന്നു’ സോണിയ ഗാന്ധി പറഞ്ഞു. 

പഴയ ഫോട്ടോകൾ നോക്കുന്നതിനിടയിലാണ് സോണിയ ഇംഗ്ലണ്ടിലെ തന്റെ വിദ്യാർഥി ജീവിതത്തെക്കുറിച്ചും രാജീവിനെ കണ്ടുമുട്ടിയ സാഹചര്യത്തെക്കുറിച്ചും പറയുന്നത്. അന്നത്തെ കാലത്ത് ഇംഗ്ലണ്ടിലെ ഭക്ഷണം വളരെ മോശമായിരുന്നുവെന്നും, താൻ ശീലിച്ച ഇറ്റാലിയൻ ഭക്ഷണത്തോട് സാമ്യമുള്ള ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകൾക്കായി തിരഞ്ഞുവെന്നും സോണിയ ഓർക്കുന്നു.

‘അക്കാലത്ത് ഇംഗ്ലണ്ടിലെ ഭക്ഷണം ഭയങ്കരമായിരുന്നു. ഇന്നത്തെപ്പോലെ അത്രയധികം റെസ്റ്റോറന്റുകൾ ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള അന്വേഷണമാണ് കേംബ്രിഡ്ജിലെ യൂറോപ്യൻ, ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഗ്രീക്ക് റെസ്റ്റോറന്റിൽ എത്തിച്ചത്. നിരവധി വിദ്യാർഥികൾ, പ്രത്യേകിച്ച് യൂറോപ്യൻ വിദ്യാർഥികൾ, മാത്രമല്ല ഇന്ത്യൻ വിദ്യാർഥികളും ഭക്ഷണത്തിനായി പോയിരുന്ന ഒരു ഗ്രീക്ക് റെസ്റ്റോറന്റായിരുന്നു അത്. അവിടെ വെച്ചാണ് ഞാൻ രാജീവിനെ കണ്ടുമുട്ടിയതെന്ന് സോണിയ വിഡിയോയിൽ പറയുന്നുണ്ട്.

രാജീവിനെ ആദ്യമായി കണ്ടപ്പോൾ തന്നെ ഒരു പ്രത്യേക അടുപ്പം തോന്നിയതായി സോണിയ പറയുന്നു. ‘ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ, ഞാൻ ശരിക്കും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെന്ന് എനിക്ക് ഏതാണ്ട് തോന്നി. തീർച്ചയായും, അദ്ദേഹത്തിനും അതുതന്നെയായിരുന്നു തോന്നിയതെന്ന് ഞാൻ മനസ്സിലാക്കി. ഒരു പൊതു സുഹൃത്താണ് തങ്ങളെ പരിചയപ്പെടുത്തിയതെന്നും പിന്നീട് പാർട്ടികളിൽ പങ്കെടുക്കുകയും മറ്റ് വിദ്യാർഥികൾക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്തുവെന്നും അവർ ഓർക്കുന്നു. രാജീവിനും സുഹൃത്തുക്കൾക്കുമൊപ്പം ഒരു വാലന്റൈൻസ് ഡേ പാർട്ടിയിൽ പങ്കെടുത്തതും സോണിയ ഓർത്തെടുത്തു.

രാജീവിൽ ആദ്യം ആകർഷിച്ചത് എന്താണെന്ന് ചോദിച്ചപ്പോൾ, രാജീവ് സുന്ദരനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സൗമ്യമായ സ്വഭാവമാണ് തന്നെ പ്രത്യേകിച്ച് ആകർഷിച്ചതെന്നായിരുന്നു സോണിയയുടെ മറുപടി. ‘അദ്ദേഹം വളരെ സൗമ്യനായി കാണപ്പെടുന്ന വ്യക്തിയായിരുന്നു. തീർച്ചയായും അദ്ദേഹം വളരെ സുന്ദരനായിരുന്നു. പക്ഷേ ആ സൗമ്യത അദ്ദേഹത്തിലൂടെ പ്രകടമായിരുന്നു സോണിയ പറഞ്ഞു.1968ലാണ് ദമ്പതികൾ വിവാഹിതരായത്. രാജീവ് ഗാന്ധി പിന്നീട് 1984 മുതൽ 1991 മെയ് മാസം വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 

കഴിഞ്ഞ ദിവസമാണ് സോണിയ ഗാന്ധി ഇന്‍സ്റ്റയിൽ അക്കൗണ്ട് എടുത്തത്. ‘എല്ലാവർക്കും നമസ്കാരം, ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ് എന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് നിങ്ങളുമായി പങ്കുവെക്കുന്നതിൽ വലിയ സന്തോഷമുണ്ട്. പ്രണയത്തിന്റെയും കടമകളുടെയും വേർപാടിന്റെയും അതോടൊപ്പം സ്വന്തമായൊരിടം കണ്ടെത്തിയതിന്റെയും കഥയാണിത്. ഇത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ കാത്തിരിക്കുന്നു’ എന്ന് സോണിയ ആദ്യ പോസ്റ്റിൽ കുറിച്ചു.

Tags:    
News Summary - Sonia Gandhi Debuts On X

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.