തീപിടച്ച വാഹനം
ഡീസൽ നിറക്കുന്നതിനിടെ പിക്കപ്പ് ലോറിക്ക് തീപിടിച്ചു, പിന്നാലെ ഉഗ്രസ്ഫോടനം; ആന്ധ്രയിൽ അഞ്ച് മരണം
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ പിക്കപ്പ് ലോറിയിൽ ഡീസൽ നിറയ്ക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ഇന്ന് രാവിലെ അനന്തഗിരി മണ്ഡലത്തിലെ പിനകോട്ട ഗ്രാമത്തിൽ റോഡ് നിർമാണം നടക്കുന്ന മേഖലയിലാണ് അപകടമുണ്ടായത്. ഡീസൽ നിറയ്ക്കുന്നതിനിടെ വാഹനത്തിന് തീപിടിക്കുകയും സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയും ചെയ്തു.
റോഡ് നിർമാണ സ്ഥലം ദൂരെയായതിനാൽ ഡ്രമ്മുകളിൽ കൊണ്ടുവന്നാണ് വാഹനങ്ങളിൽ ഇന്ധനം നിറച്ചിരുന്നത്. പിക്കപ്പ് വാഹനത്തിലേക്ക് ആദ്യം പടർന്ന തീ സമീപത്തുണ്ടായിരുന്ന ഡംപർ ലോറിയിലേക്കും ഇരുചക്രവാഹനത്തിലേക്കും വ്യാപിച്ചു. തീപിടിത്തത്തിൽ മൂന്ന് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു.
തീപിടിത്തത്തിന് പിന്നാലെ ശക്തമായ സ്ഫോടനവും ഉണ്ടായതായി പറയുന്നു. അപകടത്തിൽ അഞ്ച് പേർ മരിച്ചതായി ജില്ലാ പൊലീസ് മേധാവി അമിത് ബർദാർ അറിയിച്ചു. മരിച്ചവരിൽ ചിലരുടെ മൃതദേഹങ്ങൾ വാഹനത്തിനുള്ളിൽ നിന്നും സമീപത്തുനിന്നുമാണ് കണ്ടെത്തിയത്.
അപകടകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡീസൽ നിറയ്ക്കുന്നതിനിടെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.