നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും; ബസ് ഡ്രൈവർ മരിച്ചു, 150 മലയാളി വിദ്യാർഥികളെ രക്ഷപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്പത്തൂർ ജില്ലകളിൽ പെയ്യുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം. ബസിന് മുകളിലേക്ക് മരവും മണ്ണും ഇടിഞ്ഞുവീണ് തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടി.എൻ.സി.ടി.സി) ബസ് ഡ്രൈവർ മരിച്ചു. കണ്ടക്ടർക്ക് ഗുരുതരമായി പരിക്കേറ്റു. അതിനിടെ മേട്ടുപ്പാളയം - ഊട്ടി മേഖലയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള 150 വിദ്യാർഥികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

വിനോദസഞ്ചാരത്തിനായി ഊട്ടിയിലെത്തിയ കേരളത്തിൽ നിന്നുള്ള വിദ്യാർഥി സംഘമാണ് മണ്ണിടിച്ചിലിനെ തുടർന്ന് വഴിയിൽ വച്ചാണ് കുടുങ്ങിയത്. വിവരമറിഞ്ഞയുടൻ പൊലീസും അഗ്നിശമന സേനയും ജില്ല ഭരണകൂടവും ചേർന്ന് കയറുകൾ ഉപയോഗിച്ച് സാഹസികമായാണ് വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

ശനിയാഴ്ച പുലർച്ചെ നീലഗിരി ജില്ലയിലെ ബർലിയാറിന് സമീപമായിരുന്നു അപകടം. കൂനൂരിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് പോവുകയായിരുന്ന സർക്കാർ ബസിന് മുകളിലേക്ക് കനത്ത മണ്ണിടിച്ചിലിൽ വലിയ മരങ്ങളും അവശിഷ്ടങ്ങളും പതിക്കുകയായിരുന്നു.

ഊട്ടി കൂരാട്ടി ഗ്രാമവാസിയായ ബസ് ഡ്രൈവർ ജനഗരാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ കേശവനെ മേട്ടുപ്പാളയം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് തൊട്ടുമുമ്പ് കുറുംബടിയിൽ വെച്ച് ബസിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ ഇറങ്ങിയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടസമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്.

ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

വടക്കുകിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയായി നീലഗിരി, കോയമ്പത്തൂർ മേഖലകളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഊട്ടിയെ മേട്ടുപ്പാളയം, കൂനൂർ, കോട്ടഗിരി എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ ഇരുപതോളം ഇടങ്ങളിൽ മണ്ണിടിച്ചിലും മരംവീഴ്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മേട്ടുപ്പാളയം - കൂനൂർ റോഡിൽ 14 ഇടങ്ങളിലും മേട്ടുപ്പാളയം - കോട്ടഗിരി റോഡിൽ 3 ഇടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ഇതോടെ ഊട്ടി – കൂനൂർ – മേട്ടുപാളയം പാതയിൽ അർദ്ധരാത്രി മുതൽ രാവിലെ 9 മണി വരെ ഗതാഗതം പൂർണ്ണമായി നിർത്തിവച്ചു. കരമടൈ, ഗേതായി, മഞ്ചൂർ വഴിയുള്ള ബദൽ പാതയിലും പാറക്കെട്ടുകൾ ഇടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

വിദ്യാലയങ്ങൾക്ക് അവധി; മലയോര തീവണ്ടി സർവീസ് റദ്ദാക്കി

മേഖലയിൽ കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. ലോവർ കോട്ടഗിരിയിൽ 200 മില്ലിമീറ്ററും പറളിയാറിൽ 250 മില്ലിമീറ്ററും മഴ ലഭിച്ചു. റോഡുകളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

മുൻകരുതൽ നടപടിയായി നീലഗിരി ജില്ലയിലെ ആറ് താലൂക്കുകളിലെ സ്കൂളുകൾക്ക് ജില്ല കളക്ടർ ലക്ഷ്മി ഭവ്യ അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് മേട്ടുപ്പാളയം - ഊട്ടി പൈതൃക മലയോര തീവണ്ടി സർവീസും റദ്ദാക്കിയിട്ടുണ്ട്.

Tags:    
News Summary - Nilgiris Heavy Rain & Landslide: Bus Driver Dies, 150 Kerala Students Rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.