ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ശീതകാല സമ്മേളനം വിളിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദി ശീതകാല സമ്മേളനം മനഃപൂര്‍വം വൈകിപ്പിക്കുന്നതായും ഇതിനായി അടിസ്ഥാനമില്ലാത്ത കാരണങ്ങളാണ് ഉയർത്തുന്നതെന്നും സോണിയ ആരോപിച്ചു.
പാര്‍ലമെന്‍റ് അടച്ചിടുന്നതിലൂടെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ എന്‍.ഡി.എ സര്‍ക്കാറിന് സാധിക്കില്ലെന്നും സോണിയ വ്യക്തമാക്കി. കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനമെടുക്കാൻ ചേർന്ന പാർട്ടി പ്രവർത്തക സമിതിയോഗത്തിലാണ് മോദിക്കെതിരെ സോണിയ രൂക്ഷവിമർശനം ഉയർത്തിയത്.
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാന്‍ മോദിക്കും എൻ.ഡി.എ സര്‍ക്കാറിനും സാധിച്ചിട്ടില്ല. എന്നിട്ടും വ്യാജ വാഗ്ദാനങ്ങള്‍ ജനങ്ങൾക്ക് നല്‍കുന്നു. മോദി സര്‍ക്കാറിന്‍റെ അഹങ്കാരം ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തില്‍ കരിനിഴല്‍ വീഴ്ത്തി. പാര്‍ലമെന്‍റ് സമ്മേളനം നടത്താതിരുന്നാല്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തം മറക്കാന്‍ സാധിക്കുമെന്നത് മോദിയുടെ തെറ്റിധാരണയാണെന്നും സോണിയ വ്യക്തമാക്കി.
ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് കൊണ്ടാണ് ശീതകാല സമ്മേളനം വൈകിപ്പിക്കുന്നത്. ശീതകാല സമ്മേളനത്തില്‍ മോദി സര്‍ക്കാറിന്‍റെ അഴിമതികൾ അംഗങ്ങള്‍ ചോദ്യം ചെയ്യും. ഇത് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നും സോണിയ ആരോപിച്ചു.
ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കുന്നതിന്‍റെ ഭാഗമായി അര്‍ധരാത്രിയില്‍ പാര്‍ലമെന്‍റില്‍ വലിയ ആഘോഷം നടത്താന്‍ കാട്ടിയ ധൈര്യം ശീതകാല സമ്മേളനം വിളിക്കാൻ മോദിക്കില്ലെന്ന് സോണിയ പരിഹസിച്ചു. രാജ്യത്തിന്‍റെ ചരിത്രം തിരുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യക്ക് നല്‍കിയ സംഭാവനകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും സോണിയ വ്യക്തമാക്കി.
അതേസമയം, സോണിയയുടെ ആരോപണങ്ങൾ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തള്ളികളഞ്ഞു. പാർലമെന്‍റ് സമ്മേളനം മനഃപൂര്‍വം വൈകിപ്പിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത തരത്തില്‍ സമ്മേളനം പുനഃക്രമീകരിച്ചിട്ടുണ്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞു. സമാനരീതിയിൽ കോണ്‍ഗ്രസ് സര്‍ക്കാരും സമ്മേളനം വൈകിപ്പിച്ചിട്ടുണ്ട്. 2011ല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തുടര്‍ന്ന് അന്നത്തെ സർക്കാർ സമ്മേളനം വൈകിപ്പിച്ചിരുന്നതായും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.