ന്യൂഡൽഹി: കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്‌മോ നൽകിയ ഹരജി സുപ്രീം കോടതി തീർപ്പാക്കി. ദേശീയ സുരക്ഷാ നിയമപ്രകാരം വാങ്ചുകിനെ തടങ്കലിൽ വച്ച ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിച്ച സാഹചര്യത്തിലാണ് നടപടി. മാർച്ച് 14 നാണ് ഉത്തരവ് പിന്‍വലിച്ചത്. പിന്നാലെ ജയിൽമോചിതനാവുകയും ചെയ്തു.
ഹരജിയിലെ ആവശ്യം പ്രസക്തമല്ലാതായെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. `തടങ്കൽ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ ഹരജിയിലെ ആവശ്യം അപ്രസക്തമായിരിക്കുന്നു. അതിനാൽ ഹരജി തീർപ്പാക്കുന്നു'- കോടതി വ്യക്തമാക്കി.
വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്‌മോക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കേസ് അവസാനിപ്പിക്കരുതെന്ന് കോടതിയോട് അഭ്യർഥിച്ചിരുന്നു. ലഡാക്ക് സംഘർഷത്തെത്തുടർന്ന് വാങ്ചുക്കിനെ തടങ്കലിൽ വച്ചത് ദേശീയ സുരക്ഷാനിയമത്തിലെ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത് പരിശോധിക്കണമെന്നും അദ്ദേഹം വാദിച്ചു. വാങ്ചുക്കിന്റെ പ്രസംഗങ്ങളാണ് അറസ്റ്റിന് ആധാരമായി ചൂണ്ടിക്കാണിച്ചത്. എന്നാൽ, പ്രസംഗത്തിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ അറസ്റ്റിലാകുന്ന സമയത്ത് അദ്ദേഹത്തിന് നൽകിയിരുന്നില്ലെന്ന് സിബൽ ആരോപിച്ചു.
പ്രതിഷേധങ്ങളുയർന്നപ്പോൾ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് സർക്കാർ തടങ്കൽ ഉത്തരവ് പിൻവലിച്ചത്. ഇതിനെത്തുടർന്ന് ജോധ്പൂർ സെൻട്രൽ ജയിലിൽ നിന്ന് വാങ്ചുക്ക് മോചിതനാവുകയും ചെയ്തു.
‘ഇനി ഇതിൽ ഞങ്ങൾ എന്താണ് തീരുമാനിക്കേണ്ടത്? എന്തിനാണ് ഇത് മാറ്റിവെക്കുന്നത്?' -കോടതി സിബലിനോട് ചോദിച്ചു. കേന്ദ്രത്തിന് വേണ്ടി ഹാജരായ ഉയർന്ന അഭിഭാഷകന്‍ തുഷാർ മേത്തയും കോടതിയുടെ അഭിപ്രായത്തെ അനുകൂലിച്ചു. ‘ഉത്തരവ് റദ്ദാക്കിക്കഴിഞ്ഞു, ഇനി ഈ വിഷയം വിട്ടേക്കാൻ ഞാൻ അദ്ദേഹത്തോട് അഭ്യർഥിക്കുന്നു’ -മേത്ത കൂട്ടിച്ചേർത്തു.
സംസ്ഥാന പദവിയും ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ ലഡാക്കിൽ നാലു പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് രണ്ടു ദിവസത്തിനു ശേഷം അക്രമത്തിന് പ്രേരിപ്പിച്ചതായി ആരോപിച്ചാണ് കഴിഞ്ഞവർഷം സെപ്റ്റംബർ 26ന് വാങ്ചുകിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ആറ് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് അദ്ദേഹം ജയിൽ മോചിതനായത്.
പരീക്ഷാഭ്രമത്തിലൂന്നിയ ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിച്ച് 2009ൽ പുറത്തിറങ്ങിയ ‘ത്രീ ഇഡിയറ്റ്സ്’ എന്ന ബോളിവുഡ് സിനിമയിലെ ഫുൻസുഖ് വാങ്ഡു എന്ന നായക കഥാപാത്രത്തിലൂടെ ആമിർ ഖാൻ അവതരിപ്പിച്ചത് സോനം വാങ്ചുകിന്‍റെ ജീവിതകഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.