കച്ചിൽ നടക്കുന്ന 'ബുൾഡോസർ രാജ്'
കച്ച്: ഗുജറാത്തിലെ കച്ച് ജില്ലയിൽ ബി.ജെ.പി ഭരണകൂടം നടപ്പിലാക്കുന്ന 'കൈയേറ്റ വിരുദ്ധ നീക്ക'ത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയരുന്നു. മുൻകൂർ നോട്ടീസോ നിയമപരമായ മുന്നറിയിപ്പുകളോ നൽകാതെ പള്ളികൾ, മസാറുകൾ, വാണിജ്യ സ്ഥാപനങ്ങൾ, മുസ്ലീം വിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾ എന്നിവ ഉൾപ്പെടെ ഏകദേശം 30-ഓളം കെട്ടിടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ പൊളിച്ചുമാറ്റിയത്. അതേസമയം, സർക്കാർ നടപടി ഏകപക്ഷീയമാണെന്നും സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും ആരോപിക്കുന്നു.
കച്ചിലെ ഗാന്ധിധാം താലൂക്കിലുള്ള ജുന കണ്ട്‌ല പള്ളി കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് തകർത്തത്. 1965 മുതൽ ഗുജറാത്ത് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് ഈ പള്ളി. "യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അധികൃതർ പള്ളി തകർത്തത്. വിവരം അറിഞ്ഞ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എത്തിയെങ്കിലും സ്ഥലത്തേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല," പള്ളി കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് സമർ വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം നടത്തിയ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് പ്രതിനിധി സംഘം, നടപടികൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. നാന വർണോറ ഗ്രാമത്തിൽ മാത്രം ഒമ്പത് വീടുകളും 21 കടകളും പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധിച്ച 25 മുസ്ലീം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സുരക്ഷാ കാരണങ്ങളും അതിർത്തി പ്രദേശമാണെന്ന വാദവുമാണ് ഭരണകൂടം നടപടികൾക്ക് ന്യായീകരണമായി പറയുന്നത്. എന്നാൽ, ഈ പ്രദേശങ്ങൾ അതിർത്തിയിൽ നിന്ന് വളരെ അകലെയാണെന്ന് ബാധിതർ പറയുന്നു.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവിയുടെയും നിർദ്ദേശപ്രകാരമാണ് നടപടികളെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ, നാന വർണോറയിലെ നടപടിക്കെതിരെ താമസക്കാർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയും കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തിരുന്നു. എങ്കിലും, കോടതി ഉത്തരവ് നിലനിൽക്കെത്തന്നെ ജൂൺ 15-ഓടെ കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതായി ആക്ടിവിസ്റ്റ് മൊഹ്‌സിൻ അലി മുഹമ്മദ് ഹിംഗോരാജ പറഞ്ഞു.
സാഹചര്യത്തിൽ, ഓൾ കച്ച് മുസ്ലീം സമാജ് ജില്ലാ ഭരണകൂടത്തിന് മെമ്മോറാണ്ടം സമർപ്പിച്ചു. അക്രമങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ദിവസവേതനക്കാരെയും കുട്ടികളെയും വരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും, തെറ്റായ രീതിയിയിലുള്ള 'ബുൾഡോസർ' സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്നും സംഘടന ആരോപിച്ചു.
പൊളിച്ചുമാറ്റൽ നടപടികളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ദുരിതബാധിതരായ കുടുംബങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. നീതി ലഭിച്ചില്ലെങ്കിൽ ഗാന്ധിയൻ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് സമാധാനപരമായ ജനാധിപത്യ പ്രക്ഷോഭത്തിന് തയ്യാറെടുക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.